വാക്‌സിനെടുത്തശേഷം ഒമിക്രോൺ ബാധിച്ചവർക്ക് ബൂസ്റ്റർഡോസ് എടുത്തവരേക്കാൾ പ്രതിരോധശേഷിയെന്ന് പഠനം

0
257

വാഷിങ്ടൺ: വാക്സിനെടുത്തശേഷം ഒമിക്രോൺ പിടിപെട്ടവർക്ക് കോവിഡ് വകഭേദങ്ങൾക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്സിനെടുത്തവരിൽ ഓമിക്രോൺ വന്നാൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനെക്കാൾ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും പഠനത്തിൽ പറയുന്നു. കോവിഡ് വാക്സിൻ നിർമാതാക്കളായ ബയോഎൻടെക് എസ്.ഇ കമ്പനിയും വാഷിങ്ടൺ യൂണിവേഴ്സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകൾക്ക് വൈറസിന്റെ പുതിയ വകഭേദങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് പഠനത്തിലൂടെ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തമായ അനുമാനത്തിലെത്താൻ കൂടുതൽ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. ചൈന, ഉത്തര കൊറിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസം പകരുന്ന പുതിയ പഠനം പുറത്തുവരുന്നത്.

അതേസമയം, പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കോവിഡിനെതിരേ പ്രതിരോധ ശേഷി കൈവരിക്കാനായി ആളുകൾ രോഗം തേടി പോകരുതെന്ന് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് അലക്സാൻഡ്ര വാൾസ് മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്സിനെടുത്തശേഷം ഒമിക്രോൺ പിടിപെട്ടവർ, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസ് വാക്സിനെടുത്തവർ, ഒമിക്രോൺ പിടിപെട്ട ഇതുവരെ വാക്സിനെടുക്കാത്തവർ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ച് ആളുകളുടെ രക്ത സാംപിൾ പരിശോധിച്ചാണ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തിയത്. വാക്സിനെടുത്ത ശേഷം ഒമിക്രോൺ വന്നവരിലെ ആന്റിബോഡി വിവിധ ഡെൽറ്റാ വകഭേദങ്ങളെ ശക്തമായി പ്രതിരോധിക്കും.

രോഗികളുടെ മൂക്കിലെ സ്രവസാംപിളുകളിൽ ആന്റിബോഡിയെ തിരിച്ചറിയാനും ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തിൽ വൈറസ് പ്രവേശിച്ച ഉടൻതന്നെ നിർവീര്യമാക്കാൻ ഇത് സഹായകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here