ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്ന് മാറ്റി നിർത്താനുള്ള അധികാരം ആർക്കുമില്ലെന്നും സംവിധായിക അയിഷ സുൽത്താന. മലപ്പുറത്ത് നടന്ന് ചടങ്ങിൽ വേദിയിൽ വരുന്നതിൽനിന്ന് പെൺകുട്ടിയെ സമസ്ത നേതാവ് മാറ്റി നിർത്തിയ സംഭവം വിവാദമായിരുന്നു. ഇതിൽ പ്രതികരിച്ചു കൊണ്ടാണ് അയിഷ സുൽത്താന ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നുണ്ടെന്നും അയിഷ ചൂണ്ടിക്കാട്ടി.
”ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണെന്നും ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണെന്ന ഇസ്ലാം പറയുന്നുണ്ട്”, അയിഷ സുൽത്താന ഫെയ്സ്ബുക്കിൽ കുറിച്ചു. പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണെന്നും ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.