യുവതിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രളയകാലത്തെ രക്ഷകൻ ജൈസൽ അറസ്റ്റിൽ

0
58

താനൂർ• ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ കോർമൻ കടപ്പുറം സ്വദേശി കെ.പി.ജൈസൽ (37) ആണ് അറസ്റ്റിലായത്.

2021 ഏപ്രിൽ 15ന് ആണ് കേസിനാസ്പദമായ സംഭവം. യുവതിയുടെയും യുവാവിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 5000 രൂപ വാങ്ങി ഇവരെ വിട്ടയച്ചു. തെളിവു സഹിതം യുവാവും യുവതിയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ജൈസലിനുവേണ്ടി തിരുവനന്തപുരത്തും മംഗളൂരുവിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സിഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, പി.കെ.രാജു, എഎസ്ഐ റഹീം യൂസഫ്, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here