ഛർദ്ദിക്കാതെ’ യാത്ര ചെയ്യാം..

0
78

എല്ലാവരും യാത്ര ആസ്വദിക്കുമ്പോൾ തങ്ങൾ മാത്രം ഛർദ്ദിച്ച് അവശരായി ഇരിക്കേണ്ട അവസ്ഥയെക്കുറിച്ച് ഓർത്തിട്ടാണിത്. ഈ അസുഖത്തിന് ശാസ്ത്രലോകം ഒരു പേരിട്ടുണ്ട്. മോഷൻ സിക്ക്നെസ് എന്നാണത്..

ഏതെങ്കിലും ഒരു പ്രത്യേക വാഹനത്തിൽ കയറുമ്പോഴാകും ചിലർക്ക് പ്രശ്നം. മറ്റു ചിലർക്ക് വാഹനഭേദമന്യേയാണ് പ്രശ്നമുണ്ടാകുക. യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ മനംപുരട്ടൽ അനുഭവപ്പെടുന്നവരുണ്ട്. മറ്റ് ചിലർക്ക് പരിചിതമല്ലാത്ത വഴികളിലൂടെ പോകുമ്പോഴായിരിക്കും ഇത്. കാറിൽ സഞ്ചരിക്കുമ്പോൾ മാത്രം മോഷൻ സിക്ക്നെസ് അനുഭവപ്പെടുന്നവരും വിരളമല്ല. മറ്റുചിലർക്ക് ടൂറിസ്റ്റ് ബസുകളായിരിക്കും പ്രശ്നം..

കയ്യിൽ ചെറുനാരങ്ങയും ഛർദ്ദിക്കാനൊരു പ്ലാസ്റ്റിക് കവറുമായി സഞ്ചരിക്കുന്ന ഇത്തരക്കാർ ചിലപ്പോൾ യാത്രയ്‌ക്ക് അരമണിക്കൂർ മുമ്പായി മനംപുരട്ടാതിരിക്കാനുള്ള മരുന്നും അകത്താക്കാറുണ്ട്. എല്ലാ മുൻകരുതൽ എടുത്തിട്ടും ഇതിന് പോംവഴി കണ്ടെത്താൻ കഴിയാതെ വിഷമിച്ചിരിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ..

യാത്രയ്‌ക്ക് മുമ്പായി ആഹാരം കഴിക്കുന്നത് മോഷൻ സിക്ക്നെസ് കുറയ്‌ക്കാൻ സഹായിക്കും. ലഘുഭക്ഷണം കഴിച്ച് യാത്രയ്‌ക്ക് ഇറങ്ങുക. ആവശ്യത്തിന് വെള്ളവും കയ്യിൽ കരുതുക. ഭക്ഷണവും വെള്ളവും ആവശ്യത്തിന് കഴിച്ചാൽ ശരീരത്തിൽ ജലാംശം കുറയുന്നതും തലവേദനയുണ്ടാകുന്നതും തൽഫലമായി മനംപുരട്ടുന്നതും ഒഴിവാക്കാം..

നിങ്ങൾ ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ കഴിവതും സ്വയം ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക. ഇതിലൂടെ നമ്മുടെ ശ്രദ്ധ മാറുകയാണ് ചെയ്യുന്നത്. അതായത് ശരീരത്തിനും മനസിനും തോന്നുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാൻ സമയം കൊടുക്കാതിരുന്നാൽ തന്നെ മോഷൻ സിക്ക്നെസ് കുറയുന്നതാണ്. ഡ്രൈവ് ചെയ്യാൻ കഴിയില്ലെങ്കിൽ യാത്ര ചെയ്യുകയാണെന്ന് ചിന്തിക്കാതെ മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധചെലുത്താൻ ശ്രമിക്കുക. പാട്ട് കേൾക്കാം, മറ്റുള്ളവരോട് സംസാരിക്കാം.. ഇതെല്ലാം മോഷൻ സിക്ക്നെസിനെ അകറ്റി നിർത്തും.

കാറിലും ബസിലും സഞ്ചരിക്കുമ്പോൾ കഴിവതും വിൻഡോ സീറ്റിൽ ഇരിക്കുക. നല്ല വായുസഞ്ചാരം ലഭിക്കുന്നത് മോഷൻ സിക്ക്നെസിനുള്ള സാധ്യത കുറയ്‌ക്കും. ഇടുങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലത്ത് ഇരിക്കുന്നത് ഒഴിവാക്കുക.

മോഷൻ സിക്ക്നെസ് അനുഭവപ്പെടുന്നവരാണെങ്കിൽ ഇരിക്കുന്ന സീറ്റ് തിരഞ്ഞെടുക്കുന്നതിലും അൽപം ശ്രദ്ധചെലുത്തുന്നത് നല്ലതാണ്. ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലാണ് മോഷൻ സിക്ക്നെസ് അനുഭവപ്പെടുക എന്നുള്ളതുകൊണ്ട് അവനവന് അനുയോജ്യവും സുഖവും തോന്നുന്ന തരത്തിലുള്ള സീറ്റുകൾ തിരഞ്ഞെടുക്കുക. ചാരിയിരിക്കാൻ കഴിയുന്ന, ഹെഡ്റെസ്റ്റ് കൊടുക്കാൻ സാധിക്കുന്ന, അധികം ഇളക്കം ലഭിക്കാത്ത സീറ്റുകൾ ഇത്തരക്കാർക്ക് തിരഞ്ഞെടുക്കാം..

മോഷൻ സിക്ക്‌നെസ്സ് എന്ന ശല്യക്കാരനെ ഒരു മരുന്നുകൊണ്ട് പൊടുന്നനെ ഇല്ലാതാക്കാൻ സാധ്യമല്ല. മനംപുരട്ടുമെന്ന് പേടിച്ച് യാത്ര ചെയ്യാതിരിക്കുന്നതിലും കാര്യമില്ല.. ഈ രോഗത്തെ മറികടക്കാൻ കൂടുതൽ യാത്രകൾ ചെയ്യുക എന്നത് തന്നെയാണ് പ്രധാന പോംവഴി. നിങ്ങളുടെ മനസ് യാത്രകളെ ഇഷ്ടപ്പെടുന്നതുപോലെ പതിയെ ശരീരവും യാത്രകളെ ഇഷ്ടപ്പെട്ട് തുടങ്ങും.. അങ്ങനെ മോഷൻ സിക്ക്‌നെസിൽ നിന്ന് നിങ്ങൾ പതിയെ മോചിതരാകും..

LEAVE A REPLY

Please enter your comment!
Please enter your name here