കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഐഡിയല്‍ കൂള്‍ബാര്‍ മാനേജറുടെ അറസ്റ്റ് രേഖപ്പെടുത്തി. പടന്ന സ്വദേശി ടി. അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഹമ്മദ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ മറ്റ് രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന സ്വദേശിക്കായും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചന്തേര സി ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേ സമയം മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും. ശാസ്ത്രീയ പരിശോധനയുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷ, റവന്യൂ വിഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.