പാമ്പുകളെന്നു കേൾക്കുന്നതേ പലർക്കും ഭയമാണ്. അപ്പോൾ അവയെ തോളിലേറ്റിയാലെങ്ങനെയുണ്ടാകും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രണ്ട് വമ്പൻ പെരുമ്പാമ്പുകളെ തോളിലേറ്റി നൃത്തം ചെയ്യുന്ന യുവാവിന്റെ ദൃശ്യമാണിത്. 20 അടിയോളം നീളമുള്ള റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് യുവാവ് തോളിലേറ്റിയത്. ഇയാൾ ഡാൻസ് ചെയ്യുമ്പോൾ പാമ്പുകൾ തലപൊക്കി നോക്കുന്നതും ദൃശ്യത്തിൽ കാണാം.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ ഗണത്തിൽപ്പെട്ട പാമ്പുകൾ കാണപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ പാമ്പുകളാണ് ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തിൽപ്പെട്ട പെരുമ്പാമ്പുകള്‍. മുപ്പത് അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് ഒരു മനുഷ്യ ശരീരത്തിന്റെ വീതിയുണ്ടാകും. മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ളവയാണിവ. വേൾഡ് ഓഫ് സ്നേക്ക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.