17 ചോദ്യങ്ങള്‍… ക്ഷീരവികസന മന്ത്രിക്കൊരു തുറന്ന കത്തുമായി യുവകര്‍ഷകന്‍

0
52

ഏറെ പ്രതിസന്ധികളിലൂടെയാണ് സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ കടന്നുപോകുന്നത്. ഉല്‍പ്പാദനച്ചെലവ് ഉയരുകയും വരുമാനത്തില്‍ മാറ്റമുണ്ടാകാത്തതും ആണ് കര്‍ഷകരെ സമരമുഖത്തേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഈ മാസം 12ന് സംയുക്ത ക്ഷീരകര്‍ഷക സമിതിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് തുറന്നകത്ത് അയയ്ക്കുകയാണ് യുവകര്‍ഷകനായ കൊല്ലം സ്വദേശി അഖില്‍ രാജ്. എംകോം ബിരുദധാരിയായ അഖില്‍ 15 പശുക്കളും മൂന്ന് എരുമകളും അടങ്ങിയ ഫാം നടത്തിക്കൊണ്ടു പോരുകയായിരുന്നു. എന്നാല്‍ ലൈസന്‍സ് ഉണ്ടായിട്ടും ഫാം പൂട്ടേണ്ടി വന്നതായി യുവാവ് പറയുന്നു. അതുപോലെതന്നെ പ്രാദേശികമായി പാല്‍ വിറ്റു കൊണ്ടിരുന്നതിനാല്‍ ക്ഷീരസംഘത്തിന് നഷ്ടമുണ്ടാകുന്നു എന്ന പേരിലും തന്നെ ദ്രോഹിച്ചതായി യുവാവ് പറയുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിക്ക് 17 ചോദ്യങ്ങള്‍ അടങ്ങിയ തുറന്ന കത്തുമായി അഖില്‍ രംഗത്തെത്തുന്നത്. കത്തിന്റെ പൂര്‍ണരൂപം ചുവടെ

ബഹുമാനപ്പെട്ട ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി അവറുകള്‍ക്ക് ഒരു തുറന്ന കത്ത്

അങ്ങ് വളരെ കാര്യക്ഷമതയുള്ള സ്ഥാനാര്‍ഥി ആയിട്ടാണ് തിരഞ്ഞെടുപ്പ് കാലയളവില്‍ പൊതുവേ ചിത്രീകരിക്കപ്പെട്ടത്. അങ്ങയുടെ പാര്‍ട്ടി ഘടകവും അങ്ങനെ തന്നെയാണ് വിലയിരുത്തുന്നത്. പക്ഷേ, സാധാരണക്കാരനായ ഒരു ക്ഷീരകര്‍ഷകന്‍ എന്ന നിലയില്‍ എനിക്ക് അങ്ങയോട് ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നി. അത് ഒരു നിര്‍ദ്ദേശം ആയോ, അഭ്യര്‍ഥന ആയോ, അപേക്ഷയായോ, അതുമല്ലെങ്കില്‍ അവഗണിക്കപ്പെടേണ്ട ഒന്ന് ആയോ അങ്ങേയ്ക്ക് പരിഗണിക്കാം.

1. അങ്ങയുടെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തം നിലയില്‍ ഒരു തീരുമാനമെടുക്കാന്‍ അങ്ങേയ്ക്ക് കഴിയാറുണ്ടോ? അതോ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി മുന്നേറാന്‍ ആണോ അങ്ങയെ ഞങ്ങള്‍ തിരഞ്ഞെടുത്തത് എന്ന് കരുതുന്നുണ്ടോ?

2. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന യഥാര്‍ഥപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്, കേരളത്തിലങ്ങോളമിങ്ങോളമുള്ള കര്‍ഷകരില്‍നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ അങ്ങ് ശ്രമിച്ചിട്ടുണ്ടോ?

3. വിലകൊടുത്തു പാല്‍ വാങ്ങുന്ന ഡയറക്ടറേറ്റിലെ ജീവനക്കാരുടെ വാക്കുകേട്ട്, ഒരു നേരത്തെ അന്നത്തിനായി അഹോരാത്രം പണിയെടുക്കുന്ന ക്ഷീരകര്‍ഷകന് അര്‍ഹമായ വില നല്‍കാതെ ഇരിക്കുമ്പോള്‍, ഈ മേഖലയിലേക്ക് വരാന്‍ പുതിയ കര്‍ഷകര്‍ തയ്യാറാവാതെ വരുമ്പോള്‍, നിലവിലുള്ള ക്ഷീരകര്‍ഷകര്‍ പിന്‍വാങ്ങുമ്പോള്‍ അങ്ങും അങ്ങയുടെ വകുപ്പും അവിടെ ചുളിവ് വീഴാത്ത കുപ്പായം ധരിച്ചു നേരം കളയുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് കേരളത്തിലെ ക്ഷീരകര്‍ഷകന് ബലിയിടുമ്പോള്‍, ഇന്ന് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പാലുല്‍പാദനം പൂര്‍ണ്ണമായും ഇല്ലാതാക്കാനും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും അവരാവശ്യപ്പെടുന്ന വിലകൊടുത്ത് വാങ്ങേണ്ടി വരുന്ന ഒരു മോണോ-പോളിസ്റ്റിക് സംവിധാനത്തിലേക്ക് കൊണ്ടെത്തിക്കല്‍ ആണോ അങ്ങയുടെ ലക്ഷ്യം?

4. കാലിത്തീറ്റ സബ്‌സിഡിയായും പാല്‍ സബ്‌സിഡിയായും അങ്ങയുടെ വകുപ്പില്‍നിന്ന് കര്‍ഷകര്‍ക്കായി നല്‍കുന്ന മുഴുവന്‍ തുകയും ക്ഷീരകര്‍ഷകരിലേക്ക് തന്നെയാണ് എത്തപ്പെടുന്നതെന്ന് അങ്ങ് കരുതുന്നുണ്ടോ? എന്തിനുവേണ്ടിയാണ് സബ്‌സിഡിയായി നല്‍കുന്ന കാലിത്തീറ്റ ഗുണമേന്മയില്ലാത്ത, കാലികള്‍ക്ക് ഉദരരോഗത്തിന് കാരണമാക്കുന്ന തരത്തില്‍ നിര്‍മ്മിച്ച്, MRP യില്‍ നിന്ന് സബ്‌സിഡി കിഴിച്ച് കര്‍ഷകന് നല്‍കുന്നത്? തീറ്റ കമ്പനികളെ പരിപോഷിപ്പിക്കാന്‍ ആണോ, കര്‍ഷകനെ സഹായിക്കാന്‍ വേണ്ടിയാണോ ഈ സബ്‌സിഡി നല്‍കുന്നത്? കര്‍ഷകനെ സഹായിക്കാന്‍ ആണെങ്കില്‍ ആ തുക നേരിട്ട് കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കാവുന്നതല്ലേ?

5. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാലിത്തീറ്റ കമ്പനിയില്‍ തന്നെ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കാലിത്തീറ്റയ്ക്ക് ഉണ്ടായ വിലവര്‍ധന നിയന്ത്രിക്കാന്‍ എന്ത് നടപടിയാണ് അങ്ങ് സ്വീകരിച്ചത്? പഞ്ചാബില്‍ കത്തിച്ചു കളയുന്ന കച്ചിപ്പൊടികള്‍ ട്രെയിന്‍ വഴി കേരളത്തില്‍ എത്തിച്ചാല്‍ കേരളത്തിലെ കര്‍ഷകന് ഗുണമേന്മയുള്ള കാലിത്തീറ്റ നിര്‍മിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് അങ്ങ് കരുതുന്നുണ്ടോ? ശാസ്ത്രീയമായ ഗുണനിലവാര പരിശോധന നടത്തിയ കാലിത്തീറ്റകള്‍ തന്നെയാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത് എന്ന് അങ്ങേയ്ക്കു ബോധ്യമുണ്ടോ?

6. ക്ഷീരഗ്രാമം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഈ കഴിഞ്ഞ വര്‍ഷം അങ്ങയുടെ വകുപ്പില്‍ ചിലവഴിച്ച തുക പൂര്‍ണമായും കര്‍ഷകന് ഗുണപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്ന് അങ്ങ് കരുതുന്നുണ്ടോ? കര്‍ഷകന് ഉപകാരപ്പെടുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ ആയിരുന്നുവെങ്കില്‍ എന്തിനുവേണ്ടിയാണ് അയല്‍സംസ്ഥാനങ്ങളില്‍ അനിയന്ത്രിതമായ കുളമ്പുരോഗം നിലനില്‍ക്കുന്ന കാലയളവില്‍ തന്നെ കേരളത്തിലെ കര്‍ഷകനെ അവിടെനിന്നും കാലികളെ വാങ്ങാന്‍ നിര്‍ബന്ധിച്ചത്? അങ്ങയുടെ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലേ? പദ്ധതിപ്രകാരം വാങ്ങിയ പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കാം, പക്ഷേ ആ കര്‍ഷകന്റെ തൊഴുത്തില്‍ അദ്ദേഹത്തിന്റെ പൂര്‍വകാല സമ്പാദ്യമായി നിലനിന്നിരുന്ന ഉരുക്കളെ നശിപ്പിച്ചു കളയുന്നതിനും, നമ്മുടെ നാട്ടില്‍ കുളമ്പു രോഗം പടര്‍ത്തുന്നതിനും അല്ലേ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുള്ളൂ?

7. ആറുമാസത്തിലൊരിക്കല്‍ നടത്തേണ്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍, എവിടെയെങ്കിലും രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രം പ്രതിരോധകുത്തിവയ്പ്പ് നടത്തുന്ന സമ്പ്രദായം ശരിയാണോ? അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന കന്നുകാലികളില്‍ 90 ശതമാനവും കണ്ടുവരാറുള്ള അനാപ്ലാസ്മ, തൈലേറിയ, ചെള്ളുപനി മുതലായ രോഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിലവില്‍ ഉണ്ടായിട്ടുകൂടി എന്തുകൊണ്ടാണ് നാളിതുവരെയായിട്ടും ഫലപ്രദമായ രീതിയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടപ്പിലാക്കാന്‍ അങ്ങയുടെ വകുപ്പിന് കഴിയാതെ പോകുന്നത്? ഇതിനുവേണ്ടി എന്തു നടപടിയാണ് സ്വീകരിച്ചത്?

8. കേരളത്തിലെ ക്ഷീര സംഘങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന മില്‍ക്ക് അനലൈസര്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്നതുമൂലം കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് അങ്ങ് ബോധവതിയാണോ? ഇതിനെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കാന്‍ അങ്ങേയ്ക്ക് സ്വീകരിക്കാന്‍ കഴിഞ്ഞ നടപടികള്‍ എന്തൊക്കെയാണ്? ഇക്കാര്യത്തിലുള്ള കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കാത്തത് ആരെ സഹായിക്കാന്‍ വേണ്ടിയാണ്?

9. കേരളത്തിലെ കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പാലുല്‍പാദനം കൂട്ടുന്നതിനും ആയി അങ്ങയുടെ വകുപ്പില്‍നിന്നും ചെലവിടുന്ന തുകയുടെ നല്ലൊരു ശതമാനം അയല്‍സംസ്ഥാനങ്ങളിലെ കന്നുകാലി കച്ചവട റാക്കറ്റുകളിലേക്കും, അതുവഴി ഉദ്യോഗസ്ഥരുടെ കീശകളിലേക്കും നിറയുന്നത് തടയാന്‍- ഈ പദ്ധതികള്‍ സുതാര്യമായി നടപ്പിലാക്കാന്‍, എന്തു നടപടിയാണ് കാര്യക്ഷമതയുള്ള ഒരു മന്ത്രി എന്ന നിലയില്‍ അങ്ങ് സ്വീകരിച്ചത്?

10. പൊതുവേദികളില്‍ ഒക്കെയും കേരളത്തിലെ വെറ്റിനറി ഡോക്ടര്‍മാര്‍ കാര്യക്ഷമമായി പണിയെടുക്കാറില്ല എന്നു പ്രസംഗിച്ച് കര്‍ഷകരുടെ കൈയ്യടി വാങ്ങാറുള്ള അങ്ങ്, മൃഗഡോക്ടര്‍മാരുടെ സേവനം കര്‍ഷകര്‍ക്ക് കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായി എന്തു നടപടിയാണ് സ്വീകരിച്ചത്? മൃഗഡോക്ടര്‍മാര്‍ നേരിടുന്ന ക്ലറിക്കല്‍ ജോലിഭാരം കുറയ്ക്കുന്നതിനും, ഫീല്‍ഡില്‍ കൂടുതല്‍ സജീവമാകുന്നതിനും, ഈ രംഗത്ത് നിലവിലുള്ള നൂതന സാങ്കേതികവിദ്യകള്‍, ചികിത്സാ സമ്പ്രദായങ്ങള്‍, ശാസ്ത്രീയമായ രോഗനിര്‍ണയ മാര്‍ഗങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ മിതമായ നിരക്കില്‍ കര്‍ഷകന് ഉറപ്പുവരുത്താനായി എന്തൊക്കെ നടപടികളാണ് അങ്ങ് സ്വീകരിച്ചത്?

11. കേരളത്തിലെ കന്നുകാലികളുടെയും – വളര്‍ത്തുമൃഗങ്ങളുടെയും എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് അവയ്ക്ക് ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ മൃഗഡോക്ടര്‍ തസ്തികകള്‍ കേരളത്തില്‍ നിലവിലുണ്ടോ? വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നന്നേ കുറവുണ്ടായിരുന്ന കാലത്ത് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പില്‍നിന്നും അബോളിഷ് ചെയ്യപ്പെട്ട 60ല്‍പ്പരം മൃഗഡോക്ടര്‍മാരുടെ തസ്തികകള്‍ തിരികെ കൊണ്ടുവരാന്‍ നിലവിലെ സാഹചര്യത്തില്‍ അങ്ങ് ആത്മാര്‍ഥമായി എന്തെങ്കിലും പരിശ്രമം നടത്തിയിട്ടുണ്ടോ? വെറ്റിനറി ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിവ് ഉള്ളിടത്ത് സമയബന്ധിതമായി നിയമനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ?

12. കോവിഡ് കാലത്ത് കൃത്യമായ നിയമനങ്ങള്‍ നടത്താന്‍ കഴിയാഞ്ഞതിനാലും, അബോളിഷ് ചെയ്യപ്പെട്ട തസ്തികകളില്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് എതിരായും പിഎസ്സി ഉദ്യോഗാര്‍ഥികള്‍ ആയ മൃഗഡോക്ടര്‍മാര്‍ നടത്തിവന്ന കേസില്‍ എഴുപതോളം നിയമനങ്ങള്‍ ഉടനടി നടത്തണമെന്ന് കോടതി നല്‍കിയ ഉത്തരവിനെതിരായി അങ്ങും അങ്ങയുടെ ഡിപ്പാര്‍ട്ട്‌മെന്റും മുന്നിട്ടിറങ്ങി മേല്‍ക്കോടതിയിലേക്ക് അപ്പീലിന് പോകാന്‍ തയ്യാറെടുക്കുന്നു എന്ന് ഡയറക്ടറേറ്റ് ജീവനക്കാരില്‍ നിന്നും അറിയാന്‍ സാധിച്ചു. അതുവഴി കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് എന്ത് നന്മയാണ് അങ്ങ് ചെയ്ാന്‍ ഉദ്ദേശിക്കുന്നത്? ഈ നിയമനങ്ങള്‍ വൈകിക്കുക വഴി കേരളത്തിലെ ക്ഷീര കര്‍ഷകരെ എങ്ങനെയാണ് അങ്ങേയ്ക്ക് സഹായിക്കാന്‍ കഴിയുന്നത്?

13. അയല്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള കാലിത്തീറ്റയുടെ വില, തീറ്റപ്പുല്‍ വൈക്കോല്‍ എന്നിവയുടെ ലഭ്യത-വില, കര്‍ഷക തൊഴിലാളികളുടെ ദിവസവേതനം, കന്നുകാലികളെ തുറസ്സായ സ്ഥലത്ത് മേയാന്‍ വിടാനുള്ള സാഹചര്യങ്ങള്‍ മുതലായവ കണക്കിലെടുക്കുമ്പോള്‍ അവിടെ കര്‍ഷകന് ലഭിക്കുന്ന പാല്‍ വില കേരളത്തിലെ കര്‍ഷകന് ലഭിക്കുന്ന പാല്‍ വിലയുമായി താരതമ്യം ചെയ്താല്‍, നിലവിലുള്ള പാല്‍വില ന്യായമാണെന്ന് അങ്ങയുടെ മനസാക്ഷിക്ക് ബോധ്യപ്പെടുന്നുണ്ടോ?

14. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ സ്വന്തം സ്ഥാപനം എന്ന് അങ്ങുതന്നെ പരസ്യവാചകം പറഞ്ഞ മില്‍മ നടത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകന് ലഭിക്കുന്ന വില പര്യാപ്തമാണ് എന്ന് അങ്ങ് കരുതുന്നുണ്ടോ? (പര്യാപ്തമാണ് എന്ന നിലയില്‍ കേരള നിയമസഭയില്‍ അങ്ങയുടെ ഒരു പ്രസ്താവന കേള്‍ക്കാനിടയായി ) കേരളത്തിലെ തനതായ കന്നുകാലി ഇനങ്ങളില്‍ വിദേശ ഇനങ്ങളെ വര്‍ഗ്ഗസങ്കരണം നടത്തി പാലുല്‍പാദനം കൂട്ടിയപ്പോള്‍ നഷ്ടപ്പെട്ടുപോയ പാലിന്റെ ഗുണമേന്മയുടെ ഉത്തരവാദി കേരളത്തിലെ കര്‍ഷകന്‍ ആണോ? ഉല്‍പാദനം കൂടുതലുള്ള കന്നുകാലികളുടെ പാലിന് ഫാറ്റ് കുറയുന്നത് സ്വാഭാവികമല്ലേ? ഇത് വര്‍ഗ്ഗസങ്കരണം വരുത്തിവെച്ച വിന അല്ലേ? ഇതിന്റെ ബാധ്യത ക്ഷീരകര്‍ഷകനെ അടിച്ചേല്‍പ്പിക്കുന്നത് ശരിയാണോ?

15. പാല്‍ ചില്ലറ വില്‍പന നടത്തുന്ന കര്‍ഷകന്റെ ബാക്കി വരുന്ന പാല്‍ ക്ഷീര സംഘങ്ങളില്‍ സ്വീകരിക്കില്ല എന്ന പരസ്യമായ നിലപാട് മില്‍മാ സംഘങ്ങള്‍ സ്വീകരിക്കുന്നത് ഗുണകരമാണ് എന്ന് അങ്ങ് കരുതുന്നുണ്ടോ?

16. ക്ഷീര മേഖലയിലേക്ക് കടന്നുവരുന്ന കര്‍ഷകര്‍ക്ക് ഒരു ഡെയറി ഫാം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ കരസ്ഥമാക്കാന്‍ സങ്കീര്‍ണമായ നിയമ നടപടികള്‍ നിലനില്‍ക്കുമ്പോഴും, വളരെ വേഗം ഇത്തരം സ്ഥാപനങ്ങളെ പൂട്ടിക്കാന്‍ കഴിയത്തക്കവിധത്തില്‍ ലഘുവായ നടപടിക്രമങ്ങള്‍ മറുവശത്ത് കരുതി വെച്ചിരിക്കുന്നത് ഇത്തരം സംരംഭങ്ങള്‍ കേരളത്തില്‍ വിജയിക്കാന്‍ പാടില്ല എന്ന പിടിവാശി കൊണ്ടാണോ? ഇതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായം അറിയുവാന്‍ ആഗ്രഹിക്കുന്നു.

17. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടുന്ന പട്ടിണി പാവങ്ങളും സാധാരണക്കാരും നല്‍കുന്ന നികുതിപ്പണംകൊണ്ട് ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, കൊടികെട്ടിയ കാറില്‍ സാധാരണക്കാരനെ നോക്കി ഇളിച്ചു കാട്ടി എസ്‌കോര്‍ട്ടോടുകൂടി പറക്കുന്ന ജനപ്രതിനിധികളും, കേരളത്തിലെ സംരംഭങ്ങളെയും കാര്‍ഷികരംഗത്തെയും ഉദ്ധരിക്കാന്‍ ആയി പുതുതായി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ എങ്കിലും ഉപഭോക്താക്കള്‍ക്ക് ഗുണപ്പെടുന്ന വിധത്തില്‍ നടപ്പിലാക്കാനുള്ള പരിശ്രമം അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ?

LEAVE A REPLY

Please enter your comment!
Please enter your name here