സ്കൂൾ തുറക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ കോവിഡിന്റെ നാലാം തരംഗമുണ്ടാകാമെന്നാണ് ഒരു വിഭാഗം വിദഗ്ധർ കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ, നേരിടാനുള്ള കരുത്ത് നമ്മുടെ കുട്ടികൾക്കു വേണം. അതിന് ഏറ്റവും പ്രധാനം വാക്സീൻ സ്വീകരിക്കുക തന്നെയാണ്
കോവിഡ്കാലം ആരംഭിച്ച ശേഷം സ്കൂളുകൾ പൂർണമായും പഴയപോലെ പ്രവർത്തിച്ചിട്ടില്ല. അടുത്ത അധ്യയന വർഷത്തിലായിരിക്കും കുട്ടികൾ പൂർണതോതിൽ സ്കൂളുകളിലെത്തുക. അതോടൊപ്പം കരുതിയിരിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്; കോവിഡിന്റെ നാലാം തരംഗം.
സ്കൂൾ തുറക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിലാണു സാധാരണയായി കുട്ടികൾക്കിടയിൽ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളെല്ലാം വർധിക്കുക. കോവിഡിന്റെ നാലാം തരംഗവും ഏകദേശം ഈ മാസങ്ങളിലാണു പ്രതീക്ഷിക്കുന്നത്. അതൊരു സാധ്യത മാത്രമാണ്. എങ്കിലും അതിനെ നേരിടാനുള്ള പ്രതിരോധത്തിന്റെ കരുത്തു നമുക്കു വേണം. കുട്ടികൾക്കു കോവിഡ് പ്രതിരോധ വാക്സീൻ നൽകേണ്ടത് അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട കാര്യവുമാണ്.
മുൻ കോവിഡ് തരംഗങ്ങളിൽ കുട്ടികൾക്കിടയിൽ കോവിഡ് ബാധ അത്രത്തോളം കാര്യമായി ഉണ്ടായിട്ടില്ല. മറ്റെന്തെങ്കിലും ഗുരുതര അസുഖങ്ങളുള്ള കുട്ടികളിൽ മാത്രമാണു കോവിഡ് അൽപമെങ്കിലും സങ്കീർണ സാഹചര്യങ്ങളുണ്ടാക്കിയത്. മറ്റെന്തെങ്കിലും അസുഖങ്ങളുള്ള കുട്ടികൾ എത്രയും വേഗത്തിൽ കോവിഡ് വാക്സീൻ എടുക്കണം. വീണ്ടുമൊരു കോവിഡ് തരംഗമുണ്ടായാലും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.