സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മെയ് 13 ന് പ്രദര്‍ശനത്തിനെത്തും. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകള്‍ക്കുശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെയും മനു വലിയ വീട്ടിലും ചേര്‍ന്നാണ് ജിന്ന് നിര്‍മ്മിക്കുന്നത്.
നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലി നോക്കുന്ന യുവാവാണ് ലാലപ്പന്‍. ലാലപ്പന് ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടില്‍നിന്ന് മറ്റൊരിടത്തേയ്ക്ക് മാറിനില്‍ക്കേണ്ടതായി വരുന്നു. പുതിയ ജീവിതസാഹചര്യങ്ങള്‍ ലാലപ്പന്റെ ജീവിതത്തില്‍ അസാധാരണ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയാണ്. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ജിന്ന്. സൗബിന്‍ ഷാഹിറാണ് ലാലപ്പനെ അവതരിപ്പിക്കുന്നത്. സൗബിനാപ്പം ഷറഫുദ്ദീനും ഷൈന്‍ ടോം ചാക്കോയും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക. സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, ജിലുജോസഫ്, കെ.പി.എ.സി. ലളിത തുടങ്ങിയവരും താരനിരയിലുണ്ട്.