ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി നിയമം 2021 ഇന്നാണ് നിലവില്‍ വരുന്നത്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി ഈ കാലാവധി അവസാനിച്ചു. നിയമം അനുസരിച്ച് സാമൂഹികമാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ എന്ന നിലയിലുള്ള അവകാശം നഷ്ടമാവുകയും, ഇടനില പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സംരക്ഷണം ഇല്ലാതാകുകയും, ഇന്ത്യയിലെ നിയമം അനുസരിച്ചുള്ള ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വാര്‍ത്താ വെബ്‌സൈറ്റുകള്‍, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെ നിയന്ത്രിക്കുക ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ നിയമങ്ങള്‍ ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും, ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു. എന്നാല്‍, കേന്ദ്രവുമായി ഏറ്റുമുട്ടല്‍ തുടരുന്ന ട്വിറ്റര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് വസ്തുത