കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും ; ഡോളർ കടത്ത് കേസ്, യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെയും അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറേയുമാണ് ചോദ്യം ചെയ്യുന്നത്

0
63

തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ യു എ ഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഡോളർ കടത്തിന് ഔദ്യോഗിക വാഹനമുപയോഗിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

കസ്റ്റംസ് കൊച്ചി പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ രാവിലെ ഹാജരാകാനാണ് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്വർണക്കടത്ത് ഡോളർ കടത്ത് കേസുകളിൽ പങ്കാളിത്തം സംശയിക്കുന്ന യു എ ഇ കോൺസുലേറ്റ് ജനറലിന്റയും, അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്യുന്നത്. വിദേശത്തേക്ക് കടത്തുന്നതിന് ഡോളറുകൾ പലപ്പോഴും ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് കൊണ്ടുപോയതെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലെ ഡ്രൈവർമാരെ നേരത്തെയും ചോദ്യം ചെയ്തിരുന്നു.

കോൺസുൽ ജനറലും, അറ്റാഷെയും ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത് നടത്തിയ കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെ കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഒപ്പം ഡോളർ കടത്തിനെ കുറിച്ച് ഇവർക്ക് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചിരുന്നോയെന്നും അന്വേഷിക്കും. അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെയും കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഹരികൃഷ്ണന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇയാളിൽ നിന്ന് നേരത്തെയും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ സമൻസ് നൽകി വിളിച്ചുവരുത്താനുള്ള നീക്കങ്ങളും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here