“2021 ൽ മരുന്നിനൊപ്പം ജാഗ്രതയും” ; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് പ്രധാനമന്ത്രി

0
72

ന്യൂഡല്‍ഹി∙ കോവിഡ് വാക്‌സീന്‍ വിതരണം രാജ്യത്തു നടത്താനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വാക്‌സീന്‍ നിര്‍മാതാക്കള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ വിദഗ്ധസമിതി പരിശോധിച്ചതിനു തൊട്ടുപിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രസ്താവന.

വാക്‌സിനേഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സീന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് കുറയുന്നുണ്ടെങ്കിലും ജനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കഴിഞ്ഞാലും ജനങ്ങള്‍ ശ്രദ്ധയോടെ പെരുമാറണം. വാക്‌സീന്‍ വരുംവരെ ശ്രദ്ധിക്കണം എന്നും മോദി ഓർമ്മിപ്പിക്കുന്നു. എന്നാല്‍ 2021ല്‍ മരുന്നിനൊപ്പം ജാഗ്രതയും എന്നതാണ് നമ്മുടെ മന്ത്രമെന്നും മോദി പറഞ്ഞു.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്പനികള്‍ വാക്‌സീന്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച അപേക്ഷകളാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പരിഗണിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാല ആസ്ട്രസെനക്കയുമായി ചേര്‍ന്നു വികസിപ്പിച്ച കോവിഷീല്‍ഡാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. ഭാരത് ബയോടെക്, ഐസിഎംആറുമായി ചേര്‍ന്നാണു കോവാക്‌സീന്‍ വികസിപ്പിച്ചത്. ഫൈസര്‍ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സമിതി വെള്ളിയാഴ്ച വീണ്ടും വിവരങ്ങള്‍ വിശകലനം ചെയ്യും..

വിദഗ്ധ സമിതി അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അന്തിമ അനുമതി നല്‍കേണ്ടത്. അടുത്ത മാസം വാക്‌സീന്‍ വിതരണം ആരംഭിക്കണമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എട്ടു
മാസത്തിനുള്ളില്‍ 30 കോടി ജനങ്ങള്‍ക്ക് വാക്‌സീന്‍ എത്തിക്കാനുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഇതുവരെ കേന്ദ്രസര്‍ക്കാര്‍ കരാറില്‍ എത്തിയിട്ടില്ല.

English Summary: Preparations for administering the coronavirus vaccine is in the last stages says Modi

LEAVE A REPLY

Please enter your comment!
Please enter your name here