പുതുവർഷത്തിൽ കാത്തിരിക്കുന്ന പുതിയ മാറ്റങ്ങൾ

0
64

പുതുവർഷത്തിലേക്ക് കടക്കുമ്പോൾ പല മേഖലകളിലും വലിയ മാറ്റങ്ങളാണ് നിലവില്‍ വരാൻ  പോകുന്നത്. ഫാസ്ടാഗുകൾ നിർബന്ധമാകുന്നത് മുതൽ ഫോൺ നമ്പറിന് മുൻപ് ‘0’ ചേർക്കുന്നത് അടക്കമുള്ള മാറ്റങ്ങളാണ് വരുന്നത്. ചില മോഡൽ ഫോണുകളിൽ വാട്സാപ്പ് നാളെ മുതൽ പ്രവർത്തിക്കുകയുമില്ല.

ഫാസ്ടാഗ് നിർബന്ധം

രാജ്യത്തെ ദേശീയപാതകളിൽ നാളെ മുതൽ ടോൾ പിരിവ് ഫാസ്ടാഗിലൂടെ മാത്രം. ഫാസ്ടാഗില്ലാതെ ടോൾ പ്ലാസകളിലെത്തുന്ന വാഹനങ്ങൾ കടത്തിവിടാൻ ഇരട്ടിത്തുക നൽകുകയും 500 രൂപ നൽകി ടാഗ് എടുക്കുകയും വേണം.

പോസിറ്റീവ് പേ സംവിധാനം

ചെക്ക് നൽകുന്നയാൾ ആ വിവരം ബാങ്കുമായി പങ്കുവയ്ക്കുന്ന പോസിറ്റീവ് പേ സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നു. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേടു തടയുന്നതിനാണിത്. ചെക്ക് ആർക്കാണോ അയാളുടെ പേര്, ചെക്ക് നമ്പർ, തീയതി, തുക എന്നിവയാണു നൽകേണ്ടത്. ഇത് ഒത്തുനോക്കിയേ ചെക്ക് മാറിനൽകൂ. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് ഇതു നിർബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കു ബാധകമാക്കുന്നത് അതതു ബാങ്കുകൾക്കു തീരുമാനിക്കാം.

ജിഎസ്ടി ആർ 3ബി വർഷം 4 തവണ

5 കോടി രൂപ വരെ വിറ്റുവരവുള്ള ബിസിനസുകാർ വർഷത്തിൽ 4 തവണ ജിഎസ്ടി സെയിൽസ് റിട്ടേൺ (ജിഎസ്ടിആർ 3ബി) സമർപ്പിച്ചാൽ മതി. ഇതിനായി ക്വാർട്ടർലി ഫയലിങ് റിട്ടേൺ വിത് മന്ത്‌ലി പേയ്മെന്റ് (ക്യുആർഎംപി) പദ്ധതി നടപ്പാക്കും. എല്ലാ മാസവും 3ബി റിട്ടേൺ സമർപ്പിക്കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.

കോണ്ടാക്ട്‌ലെസ് പരിധി

വ്യക്തിഗത തിരിച്ചറിയൽ നമ്പർ (പിൻ) നൽകാതെയും സ്വൈപ് ചെയ്യാതെയും ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകളും യുപിഐ സംവിധാനവും ഉപയോഗിച്ചു നടത്താവുന്ന പണമിടപാടുകളുടെ (കോണ്ടാക്ട്‌ലെസ്) പരിധി 2000 രൂപയിൽനിന്ന് 5000 ആക്കിയത് നാളെ മുതൽ പ്രാബല്യത്തിൽ.

പുക സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി

പുക പരിശോധനാ സർട്ടിഫിക്കറ്റ് ജനുവരി മുതൽ ഓൺലൈൻ ആകും. വാഹൻ സോഫ്റ്റ്‌വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മിലാണു ബന്ധിപ്പിക്കുന്നത്. വാഹനം ഇത്തരം കേന്ദ്രത്തിലെത്തിച്ചാൽ പരിശോധന നടത്തുന്നതു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാകും. വിവരങ്ങൾ മോട്ടർവാഹന വകുപ്പിന്റെ സെർവറിലേക്ക് അപ്‍‌ലോഡ് ചെയ്യും. സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോൾ വാഹന ഉടമയ്ക്ക് എസ്എംഎസ് സന്ദേശം ലഭിക്കും.

9 സിം കാർഡ് മാത്രം

സ്വന്തം പേരിൽ ഒൻപതിലേറെ സിം കാർഡുകൾ എടുത്തവർ അധികമുള്ളവ ജനുവരി 10നകം സേവനദാതാക്കൾക്ക് മടക്കിനൽകണം. ചട്ടമനുസരിച്ച് ഒരാൾ 9 സിം കാർഡ് മാത്രമേ കൈവശം വയ്ക്കാവൂ.

ഫോൺവിളിക്ക് ‘0’ ചേർക്കണം

ലാ‍ൻഡ് ഫോണിൽനിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്കത്തിൽ ‘0’ ചേർക്കണമെന്ന നിർദേശം ബിഎസ്എൻഎൽ ലാൻഡ്‌ലൈനിൽ ജനുവരി 15ന് അകം നടപ്പാക്കിയേക്കും. മൊബൈൽ ഉപയോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10ൽ നിന്നു 11 ആക്കുന്നതിന്റെ ഭാഗമായാണിത്.

പഴയ ഫോണുകളിൽ വാട്സാപ്പില്ല

ആൻഡ്രോയ്ഡ് 4.0.3, ആപ്പിൾ ഐഒഎസ് 9 എന്നീ വേർഷനുകൾക്കു താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ നാളെ മുതൽ വാട്സാപ് പ്രവർത്തിക്കില്ല. ചില ഫോണുകളിൽ പൂർണമായും വാട്സാപ് പ്രവർത്തനം നിലയ്ക്കുമെങ്കിൽ ചിലതിൽ ചില ഫീച്ചറുകൾ ലഭ്യമാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here