സ്വര്‍ണക്കടത്ത് പിടിച്ച ദിവസം സ്വപ്നയ്ക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ കോള്‍

0
86

സ്വര്‍ണക്കടത്ത് പിടിച്ചദിവസം പ്രതി സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ വന്നതിന് തെളിവ്. കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് വിളി വന്നത്. തൊട്ടുമുന്‍ ദിവസങ്ങളില്‍ അറ്റാഷെയുടെ ഫോണില്‍ നിന്നും വിളിവന്നെന്നും ഫോണ്‍വിളി രേഖകളിലുണ്ട്.

അഞ്ചാം തീയതി, അതായത് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടുന്ന ദിവസം സ്വപ്നയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങളാണ് ഇത്. നയതന്ത്ര കാര്‍ഗോ വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത് പതിനൊന്നരയ്ക്കാണ്. ഇതോടടുപ്പിച്ചുള്ള സമയത്ത് കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ 7999919191 എന്ന നമ്പരില്‍ നിന്ന് മൂന്ന് കോളുകളാണ് സ്വപ്നയുടെ ഫോണിലേക്ക് വരുന്നത്. 11.43നും 11.58നും 12.23നുമാണ് ആ കോളുകള്‍ വന്നത്.

ലഗേജ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ച പ്രകാരമാണ് താന്‍ കസ്റ്റംസിനെ വിളിച്ചതെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അത് ന്യായീകരിക്കുന്നതാണ് ഫോണ്‍ വിളി രേഖകള്‍. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണം എത്തുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അഡ്മിന്‍ അറ്റാഷേയുടെ ഫോണില്‍ നിന്നും സ്വപ്നയ്ക്ക് വിളിവരുകയും സ്വപ്ന തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം തീയതി 20 തവണയും നാലാം തീയതി രണ്ടു തവണയും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പേര് വാര്‍ത്തകളില്‍ വന്നതിനുശേഷം അഞ്ചാംതീയതി ഉച്ചകഴിഞ്ഞ് ഫോണ്‍ ഓഫായി. അതിനുമുമ്പ് 2.48നാണ് സ്വപ്നയുടെ ഫോണിലേക്ക് അവസാന കോള്‍ വന്നത്. അത് കൂട്ടുപ്രതി സരിത്തിന്റെ നമ്പരില്‍ നിന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here