വൈദ്യുതി നിരക്കുകൾ വർധിപ്പിക്കുമെന്ന വാർത്തകൾ വ്യാജം: കെ.എസ് ഇ ബി

0
93

കൊച്ചി; വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കെഎസ്‌ഇബി. നിലവിലെ സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ 31 വരെ നിലവിലെ നിരക്ക് തുടരുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കിയത്.

 

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. 2018 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള കാലയളവിലേക്ക് ബാധകമായ മ‌ള്‍ട്ടി ഇയര്‍ താരിഫ് റെഗുലേഷനനുസരിച്ചാണ് നിലവിലെ നിരക്കുകള്‍. 2019 ജൂലൈയില്‍ പുറപ്പെടുവിച്ച താരിഫ് ഉത്തരവനുസരിച്ചുള്ളതാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള വൈദ്യുതി നിരക്ക്.

 

ഇക്കാലയളവില്‍ ഇതില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ കെഎസ്‌ഇബി ഇടക്കാല പുന:പരിശോധനയ്ക്ക് റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം.നിലവില്‍ താരിഫ് പരിഷ്ക്കരണത്തിനായി കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടില്ല.

 

2020 മാര്‍ച്ചില്‍ കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച ഇടക്കാല പെറ്റീഷനിലാകട്ടെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടിട്ടുമില്ല. അതായത് 2022 മാര്‍ച്ച്‌ 31 വരെ നിലവിലുള്ള നിരക്ക് തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെഎസ്‌ഇബി പറയുന്നു.

 

അന്തര്‍ സംസ്ഥാന പ്രസരണ ചാര്‍ജില്‍ ഉണ്ടാകാനിടയുള്ള വര്‍ദ്ധനവും അതുള്‍പ്പടെ കെ എസ് ഇ ബിയുടെ വരവും ചെലവും 2022 ഏപ്രില്‍ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ റഗുലേറ്ററി കമ്മീഷന്‍ ഇനിയും ആരംഭിച്ചിട്ടില്ല.

 

അക്കാലയളവിലേക്കള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ, നിരക്ക് വര്‍ദ്ധനവ് അനിവാര്യമായി വരികയാണെങ്കില്‍, റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയില്‍ വരികയുള്ളു.

 

വൈദ്യുതി വാങ്ങല്‍ ചെലവിലുണ്ടായ അധിക ബാധ്യത കാലാകാലങ്ങളില്‍ റഗുലേറ്ററി കമ്മീഷന്‍ തിട്ടപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടു കണക്കിലെടുത്ത് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് റഗുലേറ്ററി കമ്മീഷന്‍ നിലവില്‍ മാറ്റി വച്ചിരിക്കയുമാണ്.

 

അതുസംബന്ധിച്ച്‌ യാതൊരു പുതിയ തീരുമാനവും നിലവില്‍ എടുത്തിട്ടില്ലെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here