ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം വിലയിരുത്താനായി കാനഡ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് പിന്മാറി ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷകപ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം.
ഡിസംബര്‍ ഏഴിന് നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കില്ലെന്ന് കാനഡയെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി കര്‍ഷക പ്രതിഷേധത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നതിനിടെ ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരോടുള്ള പിന്തുണ വീണ്ടും വ്യക്തമാക്കിയിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്നായിരുന്നു ട്രൂഡോ ആവര്‍ത്തിച്ചത്.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ചയായിരുന്നു ആദ്യമായി രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.