ഡൽഹി പോലീസിലെ വനിത പോലീസ് ഓഫീസർ കാണാതായ 76 കുട്ടികളെ മൂന്നുമാസത്തിനുള്ളിൽ കണ്ടെത്തി. സീമ ഠാക്ക എന്ന ഹെഡ് കോണ്സ്റ്റബിളാണ്, ഈ സത്പ്രവൃത്തി ചെയ്ത് 76 കുട്ടികൾക്ക് രക്ഷകയായത്.
14 വയസ്സിനുള്ളിൽ താഴെയുള്ളവരാണ് ഈ കുട്ടികളിൽ 56 പേർ . സീമ ജോലി ചെയ്യുന്നത് വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബാദലി സ്റ്റേഷനിലാണ് .
ഡൽഹിയിൽ നിന്ന് മാത്രമല്ല പഞ്ചാബ്, പശ്ചിമ ബെംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബങ്ങൾക്ക് തിരിച്ചു കൊടുക്കാൻ സീമയ്ക്ക് സാധിച്ചിട്ടുണ്ട്.
ഡൽഹി പോലീസ് സീമയുടെ ഈ സ്തുത്യർഹ സേവനത്തിന് ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ നല്കിയിരിക്കുകയാണ് . 76 കുട്ടികളെ രക്ഷിച്ചതിനുള്ള അംഗീകാരമായാണ് നേരിട്ടുള്ള ഈ പ്രമോഷൻ നല്കയിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥര്ക്ക്, കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കൂടുതൽ പ്രേരണ നല്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി പോലീസ് ഒരു പദ്ധതിക്ക് രൂപം നല്കിയിരുന്നു. ഈ പദ്ധതി ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ചത് കമ്മീഷണർ എസ്.എന്. ശ്രീവാസ്തവയാണ് .
കാണാതായ, 14 വയസ്സില് താഴെയുള്ള അമ്പതോ അതിൽ അധികമോ കുട്ടികളെ (ഇതില് 15 കുട്ടികൾ എട്ടുവയസ്സിൽ താഴെയുള്ളവർ ആയിരിക്കണം) കണ്ടെത്തുന്ന കോണ്സ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോണ്സ്റ്റബിളിന് ഔട്ട് ഓഫ് ടേണ് പ്രൊമോഷൻ നല്കുന്നതായിരുന്നു പദ്ധതി.
12 മാസത്തിനുള്ളിൽ കുട്ടികളെ കണ്ടെത്തണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. ഇത്തരത്തിൽ ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ ലഭിക്കുന്ന ആദ്യ വനിത പോലീസ് ഹെഡ് കോണ്സ്റ്റബിളാണ് സീമ.
ബോളിവുഡ് നടി റിച്ച ഛദ്ദ, ഐ.എഫ്.എസ്. ഓഫീസർ പര്വീണ് കസ്വാൻ തുടങ്ങി നിരവധി പേരാണ് സീമയെയും അവരുടെ സ്ത്യുത്യര്ഹ സേവനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്..