മലയാള സിനിമയിൽ മരിക്കാത്ത ഓർമ്മയുമായി കൃഷ്ണൻ നായർ എന്ന ജയൻ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മലയാളികളെ ഏതു വേഷത്തിലും ഭാവത്തിലും ഒരുകാലത്ത് വളരെയധികം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല എന്നതിൽ സംശയമില്ല. നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും, മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറി, എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ.
പതിനഞ്ച് വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്ത, ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത് അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ്. ജയനിലൂടെയാണ് അക്ഷൻഹീറോ കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും, ഒരുകാലത്ത് കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു.
കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് 1939 ജൂലൈ 25ന് ജയന്‍ ജനിച്ചത്. സത്രം മാധവന്‍ പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും അറിയപ്പെടുന്ന മാധവന്‍പിള്ളയാണ് പിതാവ്. മാതാവ് ഓലയില്‍ ഭാരതിയമ്മ.
ജയൻ വെള്ളിത്തിരയിൽ എത്തിയത് 1974 ലെ “ശാപമോക്ഷം” എന്ന ചിത്രത്തിലൂടെയാണ് . അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. തന്റെ ഭാവങ്ങളും, ശരീരത്തിന്റെ കരുത്തും, വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. നായകനായെത്തിയ ആദ്യചിത്രം, ഹരിഹരൻ സംവിധാനം ചെയ്ത “ശരപഞ്ജരമാണ്” .
ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം “അങ്ങാടി” ആയിരുന്നു. അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം വളരെയധികം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ കാണികളിൽ ആവേശം കൊള്ളിക്കുകയും ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിക്കുകയും ചെയ്തു. .
ഫൈറ്റ് സീനുകൾക്ക് വേണ്ടി, മറ്റ് നടന്മാർ ഡ്യൂപ്പുകളെ ഉപയോഗിച്ചപ്പോൾ ജയൻ അതൊക്കെ സ്വന്തമായി ചെയ്യാൻ സാഹസം കാണിച്ചു. അതിരുകടന്ന സാഹസികത, അവസാനം ജയന്റെ ജീവനെടുത്തു. അങ്ങനെ 1980 നവംബര്‍ 16 ന് “കോളിളക്കം” എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു അദ്ദേഹത്തിന്റെ ദാരുണാന്ത്യം . ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസ്സുണ്ടായിരുന്നു.