അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയത്തിനരികെ. 538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 വോട്ടുകള്‍ നേടും. അതേസമയം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 214 ഇലക്ടറല്‍ വോട്ടുകളാണ് ഇതുവരെ നേടിയത്. വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കോടതിയെ സമീപിച്ചു.
ഇപ്പോഴും വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത പെന്‍സില്‍വേനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, അലാസ്‌ക എന്നീ സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നിലാണ്. ഈ സംസ്ഥാനങ്ങളെല്ലാം നേടിയാലും 54 ഇലക്ടറല്‍ വോട്ടുകള്‍ കൂടി മാത്രമെ ട്രംപിന് ലഭിക്കുകയുള്ളൂ.ഇതില്‍ ജോര്‍ജിയയില്‍ ട്രംപും ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം നെവാഡയില്‍ ജോ ബൈഡനാണ് മുന്‍തൂക്കം. ഇവിടെയുള്ള ആറ് ഇലക്ടറല്‍ വോട്ടുകള്‍ നേടിയാല്‍ ബൈഡന് അധികാരത്തിലെത്താനാകും. ബൈഡന്‍ ജയിച്ച വിസ്‌കോന്‍സെനില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി പെന്‍സില്‍വേനിയ, മിഷിഗന്‍, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കോടതിയെ സമീപിച്ചു. അടിയന്തര ഹര്‍ജിയുമായി ജോര്‍ജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്. ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ ഡേവിഡ് ഷഫെറാണ് അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. പിന്നാലെ മറ്റ് രണ്ടിടങ്ങളില്‍ കൂടി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ, രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ മുഴുവന്‍ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തി. വോട്ടണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികളും തെരുവിലിറങ്ങി. പോര്‍ട്ട്ലാന്റില്‍ കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മിനിയോപോളിസില്‍ ഹൈവേയില്‍ ഗതാഗതം തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു.