തിരുവനന്തപുരം : സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി. കരാര്‍ ഒപ്പിടും മുമ്ബ് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായി. നിയമ വകുപ്പുമായി കൂടിയാലോചിച്ചില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്.
തീരുമാനങ്ങളെല്ലാം എടുത്തതും ഒപ്പിട്ടതും ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കരാറായതിനാല്‍, ഈ വകുപ്പുമായും ആലോചിക്കണമായിരുന്നു. എന്നാല്‍ ഇതുമുണ്ടായില്ലെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കരാര്‍ മൂലം 1.8 ലക്ഷം പേരുടെ ഡേറ്റയാണ് സ്പ്രിന്‍ക്ലറിന് ലഭിച്ചത്. ഇത് പത്തുദിവസത്തിനകം സി-ഡിറ്റ് സര്‍വറിലേക്ക് മാറ്റി.വിവരചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനമില്ലെന്ന് സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയ്ക്ക് എട്ട് നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചു. സി-ഡിറ്റിനെയും ഐടി വകുപ്പിനെയും കൂടുതല്‍ സാങ്കേതികമായി ശക്തമാക്കണം. സി-ഡിറ്റില്‍ പരിശീലനം നല്‍കണം. സാങ്കേതികവിദഗ്ധരുടെ സേവനവും ലഭ്യമാക്കണം.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖല ശക്തമാക്കണം. സൈബര്‍ സുരക്ഷ ഓഡിറ്റ് ചെയ്യുന്ന കമ്ബനികളെ സഹകരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന്‍ നമ്ബ്യാര്‍ അധ്യക്ഷനായ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഐടി വിദഗ്ധനായ ഗുല്‍ഷന്‍ റോയിയാണ് ഈ സമിതിയിലെ മറ്റൊരംഗം.