ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയില്‍ 30 മരണം. ഹൈദരാബാദില്‍ മാത്രം 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വ്യാപക നാശനഷ്ടങ്ങളാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്.
ആന്ധ്ര തീരത്ത് കേന്ദ്രീകരിച്ച ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ചൊവ്വാഴ്ച മുതല്‍ ഹൈദരാബാദിലും ആന്ധ്രയിലെയും തെലങ്കാനയിലെയും മറ്റ് ഭാഗങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളില്‍ വെള്ളം കയറുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. വൈദ്യുതി പോസ്റ്റുകളും മരങ്ങളുമടക്കം കടപുഴകി വീണു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.നിരവധി വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടു.
അതേസമയം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും എല്ലാവിധ പിന്തുണയും സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായും പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിഗതികള്‍ വിലയിരുത്തി. ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതി ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.