ഹൈദരാബാദ്: ഐഫോൺ ഉടൻ തന്നെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകി ടെലഗ്രാം സിഇഒ പവൽ ദുറോവ്. പഴയ ഐഒഎസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഐഫോണുകളിൽ വെറുമൊരു വെബ്സൈറ്റ് തുറന്നാൽ പോലും ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നലെ (നവംബർ 27) വെള്ളിയാഴ്ച എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
പഴയ ഐഒഎസ് പതിപ്പുകൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ വ്യാപകമായി ലക്ഷ്യമിടുന്നുണ്ടെന്ന് ദുറോവ് വ്യക്തമാക്കി. പഴയ സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ടെലിഗ്രാം ആപ്പിനുള്ളിൽ ഇപ്പോൾ പ്രത്യേക മുന്നറിയിപ്പ് സന്ദേശം അയക്കുന്നുണ്ട്.
ഹാക്ക് ചെയ്യപ്പെടാൻ വെറുമൊരു വെബ്സൈറ്റ് മതി
ഐഒഎസിന്റെ കുറച്ച് മുൻപുള്ള സോഫ്റ്റ്വെയർ പതിപ്പാണെങ്കിൽ പോലും ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളെ അപകടത്തിലാക്കുമെന്ന് ദുറോവ് പറഞ്ഞു. ഹാക്കർമാർ മുഴുവൻ സമയവും സജീവമാണ്. അതിനാൽ അപരിചിതമോ അപകടകരമോ ആയ ഒരു വെബ്സൈറ്റ് തുറന്നാൽ മാത്രം തന്നെ ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കയ്യിലാവും. ആക്രമണത്തിന് പിന്നിലെ സാങ്കേതിക പിഴവ് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എത്ര ഫോണുകളെ ഇത് ബാധിച്ചുവെന്നോ, ഏതൊക്കെ ഐഒഎസ് പതിപ്പുകളാണ് ഹാക്ക് ചെയ്യപ്പെടുന്നതെന്നോ അദ്ദേഹം പരാമർശിച്ചിട്ടില്ല.
സമാനമായ സംഭവം മുൻപും
ഇതാദ്യമായല്ല ഇത്തരത്തിലുള്ള മുന്നറിയിപ്പ് വരുന്നത്. അപകടകരമായ വെബ്സൈറ്റുകളിലൂടെ പഴയ ഐഫോണുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിനായി സോഫ്റ്റ്വെയർ പരിഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ഏപ്രിലിൽ ആപ്പിൾ തന്നെ സമ്മതിച്ചിരുന്നു. 2026 നവംബർ 6-ന് ക്രിപ്റ്റോ വാലറ്റ് കമ്പനിയായ ട്രസ്റ്റ് വാലറ്റും ഉപയോക്താക്കൾക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. വാലറ്റ് ആപ്പിന് യാതൊരു തകരാറുമില്ലെങ്കിൽ പോലും, പഴയ ഐഒഎസ് ഉപയോഗിക്കുന്ന ഐഫോണുകളിൽ അപകടകരമായ വെബ്സൈറ്റുകൾ തുറക്കുന്നതിലൂടെ വാലറ്റിലെ വിവരങ്ങൾ നേരിട്ട് മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്ന് മുന്നറിയിപ്പ് നൽകിയത്.
എങ്ങനെ സുരക്ഷിതരാകാം?
എന്നതാണ് സുരക്ഷിതരായിരിക്കാനുള്ള ഏറ്റവും എളുപ്പവഴി ഫോൺ ഉടൻ തന്നെ ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ നൽകുന്നു.
സ്റ്റെപ്പ് 1: നിങ്ങളുടെ ഐഫോണിൽ ‘സെറ്റിംഗ്സ്’ തുറക്കുക.
സ്റ്റെപ്പ് 2: ‘ജനറൽ’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
സ്റ്റെപ്പ് 3: ‘സോഫ്റ്റ്വെയർ അപ്ഡേറ്റ്’ എടുത്ത് ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുക.
ഫോൺ മോഡലിനെ ആശ്രയിച്ചായിരിക്കും ഉപയോക്താവിന് ലഭിക്കുന്ന അപ്ഡേറ്റ് ഏതാണെന്ന് തീരുമാനിക്കപ്പെടുക. ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്വെയർ പതിപ്പ് iOS 27.2.1 ആണ്. ഐഫോൺ XS, XS Max, XR തുടങ്ങിയ പഴയ മോഡലുകൾക്കായി, 2026 നവംബർ 9-ന് ആപ്പിൾ പ്രത്യേകമായി iOS 18 സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു.






