തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ജലവിതരണം ഇനി തടസ്സപ്പെടില്ല. നഗരത്തിലെ വിവിധ താമസമേഖലകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കേടുവന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനും നവീകരിക്കാനുമുള്ള പദ്ധതികളുമായി കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ) രംഗത്ത്. ഭരണാനുമതി ലഭിച്ചാലുടൻ ഡിസംബർ രണ്ടാം വാരത്തോടെ പ്രവൃത്തികൾ ആരംഭിക്കുമെന്ന് കെഡബ്ല്യുഎ ഉദ്യോഗസ്ഥർ അറിയിച്ചു.
സിറ്റി കോർപറേഷൻ ഫണ്ട് നൽകുന്ന ഡെപ്പോസിറ്റ് വർക്ക് മാതൃകയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ജല ഉപഭോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതും ചോർച്ച തടയുന്നതും ജലവിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായകരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജലവിതരണ പൈപ്പുകൾ കേടുവന്നത് മൂലം തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് പൈപ്പുകൾ മാറ്റിസ്ഥാപിക്കാനും നവീകരിക്കാനുമുള്ള നടപടികൾ കെഡബ്ല്യുഎ സ്വീകരിക്കുന്നത്. ജലവിതരണം മെച്ചപ്പെടുത്തുന്നതിനും പൈപ്പുകളിലെ ചോർച്ച പരിഹരിക്കുന്നതിനും ആവശ്യത്തിന് മർദ്ദം ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം നഗരത്തിലെ പല പൈപ്പുകൾക്കും ഏകദേശം നാല് പതിറ്റാണ്ടോളം പഴക്കമുണ്ടെന്നും വർധിച്ചുവരുന്ന ജല ആവശ്യകത നിറവേറ്റാൻ അവയ്ക്ക് കഴിയുന്നില്ലെന്നും കെഡബ്ല്യുഎ എൻജിനീയർ പറഞ്ഞു.
തിരുവനന്തപുരം വെള്ളയമ്പലത്ത് ബാബുജി നഗറിലെ പഴകിയ ആസ്ബസ്റ്റോസ് – സിമന്റ് പൈപ്പുകൾ മാറ്റി പകരം 110 എംഎം പിവിസി പൈപ്പുകൾ സ്ഥാപിക്കും. ഇതിനായി 300 എംഎം ട്രാൻസ്മിഷൻ മെയിൻ ലൈനിൽ നിന്ന് പുതിയ കണക്ഷൻ നൽകും. ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി. ഉദാരശിരോമണി റോഡിൽ നിന്ന് 63 എംഎം പമ്പിങ് ലൈൻ അൽത്താരയിലേക്ക് നീട്ടാനും കെഡബ്ല്യുഎ പദ്ധതിയിടുന്നുണ്ട്.
ബാബുജി നഗറിലെ നിലവിലുള്ള ആസ്ബസ്റ്റോസ് – സിമന്റ് പൈപ്പുകൾ കേടുവന്നതിനാൽ ഇടയ്ക്കിടെ ചോർച്ചയുണ്ടാകുകയും ജലവിതരണം കുറയുകയും ചെയ്യുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ ഇത്തരം പഴയ പൈപ്പുകൾക്ക് പകരം 110 എംഎം പിവിസി പൈപ്പുകൾ സ്ഥാപിക്കാനാണ് കെഡബ്ല്യുഎയുടെ തീരുമാനം. പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതിനുള്ള രണ്ട് എക്സ്റ്റൻഷനുകൾ, ചേമ്പറുകളോട് കൂടിയ രണ്ട് 100 എംഎം സ്ലൂയിസ് വാൽവുകൾ, ജലവിതരണം വർധിപ്പിക്കുന്നതിനും മതിയായ മർദ്ദം ഉറപ്പാക്കുന്നതിനുമായി സമീപത്തുള്ള 300 എംഎം ട്രാൻസ്മിഷൻ മെയിൻ ലൈനിൽ നിന്നുള്ള കണക്ഷൻ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള റോഡരികിലെ വീടുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നിലവിലുള്ള 200 എംഎം പിവിസി മിലിട്ടറി ലൈനിനേക്കാൾ ഉയർന്ന നിരപ്പിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.









