അമേരിക്കയിലെ കുട്ടികൾക്ക് വൻ സാമ്പത്തിക സമ്മാനം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്.

0
2

അമേരിക്കയിലെ കുട്ടികൾക്ക് വൻ സാമ്പത്തിക സമ്മാനം പ്രഖ്യാപിച്ച് ലോകത്തിലെ പ്രമുഖ ശതകോടീശ്വരനും SpaceX മേധാവിയുമായ ഇലോൺ മസ്‌ക്. അമേരിക്കയിലെ ഓരോ കുട്ടിക്കും SpaceX-ന്റെ രണ്ട് ഓഹരികൾ വീതം നൽകുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒരു ഓഹരി കമ്പനിയും മറ്റൊന്ന് മസ്‌ക് വ്യക്തിപരമായും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.നവംബർ 26-ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ മസ്‌ക് പങ്കുവെച്ച പ്രഖ്യാപനമാണ് ലോകശ്രദ്ധ നേടിയത്. അമേരിക്കയിലെ കുട്ടികൾക്ക് ഭാവിയിലെ സാങ്കേതികവിദ്യയിലും ബഹിരാകാശ വ്യവസായത്തിലും ഉടമസ്ഥാവകാശം ലഭിക്കണമെന്ന ആശയമാണ് ഈ പദ്ധതിക്ക് പിന്നിലെന്നാണ് വിശദീകരണം.SpaceX ഓഹരികളുടെ നിലവിലെ വില കണക്കിലെടുക്കുമ്പോൾ ഈ പ്രഖ്യാപനത്തിന്റെ മൊത്തം മൂല്യം ഏകദേശം 18.6 ബില്യൺ ഡോളറാകുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ഏകദേശം 7.2 കോടി കുട്ടികളുണ്ടെന്നാണ് കണക്ക്. ഇത്രയും കുട്ടികൾക്ക് ഓഹരികൾ വിതരണം ചെയ്യുന്നത് വലിയ സാമ്പത്തിക നീക്കമായി വിലയിരുത്തപ്പെടുന്നു.
SpaceX നൽകുന്ന ഓഹരികൾ ഡിസംബർ മുതൽ കൈമാറാനാണ് പദ്ധതിയെന്നും മസ്‌കിന്റെ വ്യക്തിഗത ഓഹരി 2027 ജൂണിൽ കൈമാറുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ വിതരണം എങ്ങനെ നടക്കും, ആർക്കൊക്കെ കൃത്യമായി ലഭിക്കും തുടങ്ങിയ വിശദാംശങ്ങൾ ഇനിയും പൂർണമായി വ്യക്തമാക്കിയിട്ടില്ല.ബഹിരാകാശ യാത്രകൾ, ഉപഗ്രഹ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ വൻ വളർച്ച പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് SpaceX ഓഹരികൾ കുട്ടികൾക്ക് നൽകാനുള്ള പ്രഖ്യാപനം. ഭാവിയിലെ സാമ്പത്തിക വളർച്ചയിൽ കുട്ടികൾക്കും പങ്കാളികളാകാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
ഓഹരി സമ്മാന പ്രഖ്യാപനം ലോകമെമ്പാടും വലിയ ചർച്ചയാകുമ്പോൾ, പദ്ധതി യാഥാർഥ്യമായാൽ അമേരിക്കയിലെ കുട്ടികൾക്ക് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക സമ്മാനങ്ങളിൽ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here