ആഗോള ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘രാമായണ’;

0
16

നിതേഷ് തിവാരി സംവിധാനം ചെയ്‌ത രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ആഗോളതലത്തിൽ വൻ വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന്‍റെ അവിസ്മരണീയ വിജയത്തിൽ നിർമ്മാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, അഭിനേതാക്കളായ രൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.

റിലീസ് ചെയ്‌ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്‌സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ ‘ഓൾ-ടൈം നമ്പർ 1’ ചിത്രമായി ‘രാമായണ’ മാറിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ചരിത്ര നേട്ടം.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഈ എപ്പിക് ബ്ലോക്ക്ബസ്റ്റർ ചിത്രം, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യയിലൊട്ടാകെ വൻ ബോക്‌ശഅ ഓഫീസ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ആഗോളതലത്തില്‍ 1,755.50 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് 1,173 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്ത് നിന്ന് മാത്രമായി 528 കോടി രൂപയും ചിത്രം നേടി. ചിത്രം റിലീസ് ചെയ്‌ത് 21 ദിവസം പിന്നിടുമ്പോഴാണ് ഈ വലിയ നേട്ടം.

99-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിഷ്വൽ ഇഫക്‌ട്‌സ് വിഭാഗത്തിൽ പരിഗണിക്കപ്പെടുന്ന 20 ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്. വിഷ്വൽ ഇഫക്‌ട്‌സിന്റെ മികവിലാണ് ചിത്രം പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഹോളിവുഡിലെ വമ്പൻ ചിത്രങ്ങളായ അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ, ഡ്യൂൺ: പാർട്ട് ത്രീ, സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്നിവയ്ക്കൊപ്പമാണ് രാമായണയും മത്സരിക്കുന്നത്.

മികച്ച വിഷ്വൽ ഇഫക്‌ട്‌സ് വിഭാഗത്തിനായുള്ള അക്കാദമിയുടെ പ്രാഥമിക വോട്ടെടുപ്പ് ഡിസംബർ 7 മുതൽ 11 വരെയാണ് നടക്കുക. തുടർന്ന് 10 ചിത്രങ്ങൾ ഉൾപ്പെടുന്ന ഔദ്യോഗിക ഷോർട്ട്‌ലിസ്റ്റ് ഡിസംബർ 15ന് പ്രഖ്യാപിക്കും.

ഓസ്‌കര്‍ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് രാമായണ. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്‌ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗമാണിത്. രണ്ടാംഭാഗം അടുത്ത വർഷമാണ് റിലീസ്. പിആർഒ: ആതിര ദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here