ഓർമശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന രോഗമായാണ് അൽഷിമേഴ്സ് കൂടുതലായി അറിയപ്പെടുന്നത്, എന്നാൽ ചില ലക്ഷണങ്ങൾ തലച്ചോറിന് പുറത്തും രൂപപ്പെട്ടേക്കാമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അൽഷിമേഴ്സുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങൾക്ക് തലച്ചോറിൻ്റെയോ സുഷുമ്നാ നാഡിയുടെയോ (spinal cord) ഇടപെടലില്ലാതെ തന്നെ പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളെ തടസപ്പെടുത്താൻ കഴിയുമെന്ന് യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ (UCF) ശാസ്ത്രജ്ഞർ കണ്ടെത്തി.
UCF-ലെ നാനോസയൻസ് ടെക്നോളജി സെൻ്ററിലെ പ്രൊഫസറായ ജെയിംസ് ഹിക്കമാൻ, റിസർച്ച് പ്രൊഫസർ സിയുഫാങ് “നദീൻ” ഗുവോ എന്നിവരുടെ നേതൃത്വത്തിൽ ഹെസ്പെറോസ് (Hesperos) എന്ന ഹെൽത്ത്കെയർ ടെക്നോളജി കമ്പനിയിലെ ശാസ്ത്രജ്ഞരുമായി ചേർന്ന് നടത്തിയ ഗവേഷണത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. ‘പാരമ്പര്യമായി ലഭിക്കുന്ന അൽഷിമേഴ്സ് ജനിതകമാറ്റങ്ങൾ ചലനശേഷിയെ എങ്ങനെ ബാധിക്കുന്നു’ എന്ന് പരിശോധിക്കാൻ മനുഷ്യകോശങ്ങൾ ഉപയോഗിച്ച് നിർമിച്ച ലബോറട്ടറി സംവിധാനങ്ങളാണ് ഉപയോഗിച്ചത്.
അൽഷിമേഴ്സ് അസോസിയേഷൻ്റെ ജേണലായ അൽഷിമേഴ്സ് & ഡിമെൻഷ്യയിൽ (Alzheimer’s & Dementia) ഗവേഷണ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലനസംബന്ധമായ ബുദ്ധിമുട്ടുകൾ അൽഷിമേഴ്സിൻ്റെ ആദ്യകാല ലക്ഷണങ്ങളായിരിക്കാം എന്നതിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. കൂടാതെ, തലച്ചോറിനെ മാത്രം കേന്ദ്രീകരിച്ചുള്ള ചികിത്സകൾ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലുണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെ അവഗണിച്ചേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
ക്ഷതം സംഭവിച്ച നാഡീബന്ധങ്ങൾ നടത്തത്തെയും സന്തുലിതാവസ്ഥയെയും എങ്ങനെ ബാധിക്കുന്നു?
അൽഷിമേഴ്സ് സാധാരണ ഓർമക്കുറവ്, സംശയം, ആശയക്കുഴപ്പം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗമാണ്. എന്നിരുന്നാലും വ്യക്തമായ മാനസികപ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നത് മുൻപ് ചില രോഗികളിൽ ശരീരത്തിൻ്റെ സന്തുലിതാവസ്ഥ, ഏകോപനം, നടത്തം എന്നിവയിൽ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക ലക്ഷണങ്ങൾ പ്രകടമാകുന്നതായി ഡോക്ടർമാർ നിരീക്ഷിച്ചിട്ടുണ്ട്.
നാഡീവ്യവസ്ഥയും പേശികളും തമ്മിലുള്ള മികച്ച ആശയവിനിമയമാണ് നടത്തത്തെയും സന്തുലിതാവസ്ഥയെയും നിലനിർത്തുന്നത്. നാഡിയും പേശിയും ചേരുന്ന ഭാഗത്ത് (ന്യൂറോ മസ്കുലർ ജങ്ഷൻ), ഒരു മോട്ടോർ ന്യൂറോണിലൂടെ സഞ്ചരിക്കുന്ന വൈദ്യുത സിഗ്നൽ രാസ ആശയവിനിമയത്തിന് കാരണമാവുകയും അത് പേശികൾ ചുരുങ്ങുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
നടക്കുക, ശരീരനില നിലനിർത്തുക, വസ്തുക്കൾ ഉയർത്തുക, കൃത്യമായ ചലനങ്ങൾ നടത്തുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ ഈ പ്രക്രിയയിലൂടെ സാധ്യമാകുന്നു. ഈ ബന്ധത്തിന് തകരാർ സംഭവിക്കുമ്പോൾ, നാഡീ സിഗ്നലുകളോട് പേശികൾ വേണ്ടത്ര ഫലപ്രദമായി പ്രതികരിച്ചേക്കില്ല. ഇത് പേശികളുടെ ബലഹീനത, ഏകോപനക്കുറവ്, ശാരീരിക പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമായേക്കാം.
‘പാരമ്പര്യമായി വരുന്ന അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങൾ തലച്ചോറിൻ്റെയോ സുഷുമ്നാനാഡിയുടെയോ നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ പെരിഫറൽ നാഡീവ്യൂഹത്തിൽ തകരാറുകൾ ഉണ്ടാക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തലച്ചോറിനെ ലക്ഷ്യമിട്ട് നിർമിക്കുന്ന മരുന്നുകൾക്ക് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ ഇത്തരം നാഡീപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞേക്കില്ല’ ഗവേഷകനായ ഹിക്ക്മാൻ പറഞ്ഞു.
നാഡി-പേശി ബന്ധം എന്തുകൊണ്ട് പ്രധാനമാണ്
ന്യൂറോ മസ്കുലർ ജങ്ഷൻ എന്നത് ഒരു നാഡീകോശം ഒരു പേശിയെ സങ്കോചിപ്പിക്കാൻ സിഗ്നൽ നൽകുന്ന സ്ഥലമാണ്, ഇത് ചലനം സാധ്യമാക്കുന്നു. ആ ബന്ധം തകരാറിലായാൽ, ശരീരത്തിന് ശക്തി, ഏകോപനം അല്ലെങ്കിൽ സഹിഷ്ണുത നഷ്ടപ്പെടാം. പഠനത്തിൽ, ഗവേഷകർ നാഡീ മസ്കുലർ പ്രവർത്തന രീതിയെക്കുറിച്ച് പഠിച്ചു.
“മോട്ടോർ സർക്യൂട്ട് പ്രവർത്തിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ചലിക്കാൻ കഴിയില്ല. നിങ്ങളുടെ റിഫ്ലെക്സ് പരിശോധിക്കാൻ ഒരു ഡോക്ടർ നിങ്ങളുടെ കാൽമുട്ടിൽ തട്ടുമ്പോൾ, അവർ ആ കൃത്യമായ കണക്ഷൻ പരിശോധിക്കുകയാണ്” ഹിക്ക്മാൻ പറയുന്നു.
ഈ കണ്ടെത്തൽ അൽഷിമേഴ്സ് രോഗം നേരത്തെ തിരിച്ചറിയാൻ സഹായിക്കുമോ?
അൽഷിമേഴ്സ് രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ, ഓർമശക്തിയുമായും മറ്റ് കോഗ്നിറ്റീവ് ലക്ഷണങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾക്കപ്പുറത്തേക്ക് ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഇത് ഗവേഷണത്തിന് ഒരു പുതിയ ദിശാസൂചന നൽകിയേക്കാം.
ചില രോഗികളിൽ ചലനശേഷിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ കഴിയുമെന്ന് ഭാവിയിലെ പഠനങ്ങൾ സ്ഥിരീകരിക്കുകയാണെങ്കിൽ, നടത്തം, ശരീരഭാഗങ്ങളുടെ ഏകോപനം, അല്ലെങ്കിൽ നാഡികളും പേശികളും തമ്മിലുള്ള പ്രവർത്തനം എന്നിവ പരിശോധിക്കുന്നതിലൂടെ, പ്രകടമായ മറ്റ് നാഡീസംബന്ധമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപുതന്നെ രോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കണ്ടെത്താൻ സാധിച്ചേക്കാം.









