കാട്ടാനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കും, ചിന്നക്കനാലിൽ നിരോധനാജ്ഞ

0
12

ഇടുക്കി: ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും ഭീതിവിതയ്ക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്ന മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തിന് തുടക്കമായി. കർശന നിയന്ത്രണങ്ങളോടെ ഇന്ന് പുലർച്ചെ നാലിന് ആരംഭിച്ച ദൗത്യത്തിനായി 140 അംഗ വനംവകുപ്പ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുകയാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. നിലവിൽ ആനയിറങ്കൽ അണക്കെട്ടിന് സമീപം നിലയുറപ്പിച്ചിട്ടുള്ള ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിന് മുൻപായി കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആനയുടെ സഞ്ചാരപഥവും നിലവിലെ സാഹചര്യങ്ങളും കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും ദൗത്യസംഘം തുടർനടപടികൾ സ്വീകരിക്കുക. ഇന്ന് ഉച്ചയോടെ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വിവിധ വനം ഡിവിഷനുകളിൽ നിന്നുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളും (ആർആർടി) എലിഫൻ്റ് സ്ക്വാഡും ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങളാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. മൂന്നാർ ഡിഎഫ്ഒ സാജു വർഗീസാണ് മിഷൻ ചക്കക്കൊമ്പന് നേതൃത്വം നൽകുന്നത്. നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 പേരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘത്തെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ആറ് വാർഡുകളിൽ നിരോധനാജ്ഞ
വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ചിന്നക്കനാലിൽ ദൗത്യം പുരോഗമിക്കുന്നത്. ഇതിനായി ചിന്നക്കനാൽ ഫാത്തിമ മാത ഹൈസ്കൂളിൽ പ്രത്യേക ബേസ് ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും (നവംബർ 25, 26 തീയതികളിൽ) നിരോധനാജ്ഞ നിലനിൽക്കുന്ന ആറ് വാർഡുകളിലെ തൊഴിലുറപ്പ് ജോലികളും ഏലത്തോട്ടങ്ങളിലെ പണികളും പൂർണമായി നിരോധിച്ചിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ച ചിന്നക്കനാലിലെ ആറ് വാർഡുകളിലെ സ്കൂളുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പ്രദേശത്തെ വിനോദസഞ്ചാര മേഖലയിൽ നേരത്തെതന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ 26-ാം തീയതി വരെ ഈ വാർഡുകളിലെ എല്ലാവിധ വിനോദ പരിപാടികൾക്കും വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും കർശന വിലക്കേർപ്പെടുത്തി. പ്രദേശത്ത് ജനങ്ങൾ കൂട്ടംചേരുന്നത് കർശനമായി തടയും. വനംവകുപ്പിൻ്റെ ദൗത്യത്തിന് യാതൊരുവിധ തടസ്സവും ഉണ്ടാകാതിരിക്കാൻ ഡ്രോൺ കാമറകൾ, നൈറ്റ് കാമറകൾ, കാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജാഗ്രത നിർദേശം
മയക്കുവെടി വയ്ക്കുന്ന പ്രക്രിയയ്ക്കിടയിൽ ആന പ്രകോപിതനാകാനും ജനവാസ മേഖലകളിലേക്ക് നീങ്ങാനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് പോകരുതെന്നും ആനയെ കാണാനായി കൂട്ടംകൂടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ഈ മേഖലയിലെ അഞ്ച് ആശുപത്രികളിൽ പ്രത്യേക ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചക്ക തേടി വീടുകളിലേക്ക് ഇടയ്ക്കിടെ എത്തുന്നതുകൊണ്ടാണ് കാട്ടാന ചക്കക്കൊമ്പൻ എന്ന പേരിൽ ശ്രദ്ധനേടിയത്. ചക്ക തേടിയെത്തുന്ന ആന ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങുകയും ആളുകളെ ആക്രമിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന് ചിന്നക്കനാലിലെ 301 കോളനിയിൽ സമീപകാലത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here