#തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളിലൊരാളായിരുന്ന വിജയകാന്തിന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുതിർന്ന സിനിമാതാരങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആരോപണമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. നടി ദേവയാനിക്കും നടൻ മൻസൂർ അലി ഖാനും വിവാഹവേദിയിൽ മോശം അനുഭവമുണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള വിമർശനം.
വിജയകാന്തിന്റെ ഭാര്യാസഹോദരനും രാജ്യസഭാ എംപിയുമായ എൽ.കെ. സുധീഷിന്റെ മകൾ ജാനു ശ്രീയുടെ വിവാഹസൽക്കാരമാണ് വിവാദത്തിന് കാരണമായത്. ചെന്നൈയിലെ നീലാങ്കരയിലുള്ള ആർ.കെ. കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് തിരക്കിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന നടി ദേവയാനിയുടെ വീഡിയോ പുറത്തുവന്നത്.
മക്കൾക്കൊപ്പമാണ് ദേവയാനി വിവാഹച്ചടങ്ങി നെത്തിയത്. വേദിയിലുണ്ടായിരുന്ന വലിയ തിരക്കിനിടെ ഉന്തും തള്ളും അനുഭവപ്പെട്ടതോടെ താരം അസ്വസ്ഥയാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വഴി മാറാൻ ആവശ്യപ്പെട്ട് ദേവയാനി ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വധൂവരന്മാരെ കാണാതെ മക്കളെയും കൂട്ടി താരം വിവാഹവേദിയിൽ നിന്ന് മടങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളിലെ ചിലരുടെ വാദം.
മറ്റൊരു വീഡിയോയും ഇതിനിടെ ശ്രദ്ധ നേടുന്നുണ്ട്. വധൂവരന്മാർക്ക് ആശംസകൾ അറിയിക്കാനായി പൂച്ചെണ്ടുമായി എത്തുന്ന മൻസൂർ അലി ഖാനാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ താരം അടുത്തെത്തിയപ്പോൾ വധു അദ്ദേഹത്തെ ശ്രദ്ധിക്കാതെ സമീപത്തുണ്ടായിരുന്ന പിതാവിനോട് സംസാരിക്കുകയായിരുന്നു. മൻസൂർ നൽകിയ പൂച്ചെണ്ട് മുഖത്തേക്ക് നോക്കാതെ സ്വീകരിച്ച് മറ്റൊരാൾക്ക് കൈമാറുന്നതായും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ താരത്തോട് വധു അനാദരവ് കാണിച്ചെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു.
അതേസമയം, മൻസൂർ അലി ഖാനുമായി ബന്ധപ്പെട്ട വീഡിയോ അപൂർണമാണെന്നും വധു അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിക്കുന്ന മറ്റൊരു ദൃശ്യം കൂടി ലഭ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവരാതെ ഒരു നിഗമനത്തിലെത്തരുതെന്നും അഭിപ്രായങ്ങൾ ഉയരുന്നു. വീഡിയോകൾ വൈറലായതോടെ വധുവിനും പിതാവിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമായിട്ടുണ്ട്. വിവാഹച്ചടങ്ങിൽ ഇത്രയധികം ആളുകൾ എത്തിയിട്ടും തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നതാണ് വിമർശകരുടെ പ്രധാന ആരോപണം.









