ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറിൽ ഒപ്പുവയ്ക്കും;

0
6

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാലമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഡിസംബറിൽ ഒപ്പുവയ്ക്കാൻ സാധ്യത. കരാർ 2027 പകുതിയോടെ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ജീൻ എറിക് പാക്കെ അറിയിച്ചു.

ഇരുഭാഗത്തെയും വ്യാപാരവും നിക്ഷേപവും വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെ ചർച്ചാ ഘട്ടം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നതും യൂറോപ്യൻ പാർലമെൻ്റിൻ്റെ അംഗീകാരം നേടുന്നതുമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് തിങ്കളാഴ്ച സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ അംബാസഡർ വ്യക്തമാക്കി. ഇരുപക്ഷത്തെയും സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ മാറ്റമുണ്ടാക്കുന്ന കരാറാണിതെന്നും, കരാർ നൽകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ പരമ്പരയിലെ ആദ്യ ഭാഗമാണിതെന്നും യൂറോപ്യൻ യൂണിയൻ എക്സിൽ കുറിച്ചു.

ഈ വർഷം ജനുവരിയിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായത്. തുടർന്ന് കരാറിൻ്റെ കരട് രൂപം അന്തിമമാക്കുന്നതിനും സാങ്കേതിക വിശദാംശങ്ങൾ പൂർത്തിയാക്കുന്നതിനുമായി ഇരുവിഭാഗത്തിലെയും ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവരികയായിരുന്നു. കരാറിൽ ഒപ്പുവയ്ക്കുന്നതിനുള്ള ശിപാർശ യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞ സെപ്റ്റംബറിൽ കൗൺസിലിന് കൈമാറിയിട്ടുണ്ട്.

നിലവിൽ യൂറോപ്യൻ മന്ത്രിമാർ ഈ ശിപാർശ പരിഗണിക്കുകയാണെന്നും ഡിസംബറിൽ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജീൻ എറിക് പാക്കെ പറഞ്ഞു. ഡിസംബറിൽ തന്നെ കരാറിൽ ഒപ്പുവയ്ക്കാനാണ് സാധ്യതയെന്നും, ഇതിനായി ഇന്ത്യയിൽ നിന്നൊരു ഉന്നതതല സംഘം യൂറോപ്പ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ പാർലമെൻ്റിൻ്റെ അംഗീകാരം
കരാറിൽ ഒപ്പുവച്ച ശേഷം അത് നടപ്പിലാക്കുന്നതിനായി യൂറോപ്യൻ പാർലമെൻ്റിൻ്റെ അംഗീകാരം ആവശ്യമാണ്. പാർലമെൻ്റിൻ്റെ വിദേശകാര്യ സമിതി അടുത്തിടെ ന്യൂഡൽഹി സന്ദർശിക്കുകയും അംഗീകാര നടപടിക്രമങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. രേഖകളിൽ കാര്യമായ പരിശോധനകൾ നടക്കുമെങ്കിലും, കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന് മാത്രമേ യൂറോപ്യൻ പാർലമെൻ്റിന് തീരുമാനിക്കാൻ കഴിയൂ.

അതിനാൽ പുതിയൊരു ചർച്ചയ്ക്ക് ഇനി സാധ്യതയില്ല. വസന്തകാലത്തോടെ പാർലമെൻ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സമിതി അധ്യക്ഷൻ പ്രതീക്ഷിക്കുന്നത്. അനുകൂലമായ തീരുമാനമുണ്ടാകുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വലിയ ശുഭാപ്തിവിശ്വാസമുണ്ടെന്നും അംബാസഡർ പറഞ്ഞു. എന്നാൽ ഇത് സമിതി അധ്യക്ഷൻ്റെ വിലയിരുത്തൽ മാത്രമാണെന്നും യൂറോപ്യൻ പാർലമെൻ്റിൻ്റെ ഔദ്യോഗിക പ്രസ്താവനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ച രീതിയിൽ നടപടികൾ പൂർത്തിയായാൽ 2027 പകുതിയോടെ കരാർ പ്രാബല്യത്തിൽ വരികയും അതിൻ്റെ ഗുണഫലങ്ങൾ ലഭിച്ചുതുടങ്ങുകയും ചെയ്യും.

ഇന്ത്യൻ കയറ്റുമതിക്ക് വൻ കുതിച്ചുചാട്ടം
വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക്, പ്രത്യേകിച്ച് കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായ മേഖലകൾക്ക് വലിയ അവസരങ്ങൾ തുറന്നുകിട്ടും. വസ്ത്രങ്ങൾ, തുകൽ ഉത്പന്നങ്ങൾ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, കരകൗശല വസ്തുക്കൾ, എൻജിനിയറിങ് സാമഗ്രികൾ, വാഹനങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ കരുത്തേകും. കരാർ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ അധിഷ്ഠിത മേഖലകളിലെ ഏകദേശം 33 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ തീരുവ ഒഴിവാകുമെന്നാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കരകൗശല വിദഗ്ധർ, വനിതാ സംരംഭകർ, യുവാക്കൾ, പ്രൊഫഷണലുകൾ എന്നിവർക്ക് ഇതിൻ്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും.

പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, പൗൾട്രി തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ വലിയ വ്യാപാര ഇളവുകളിൽ നിന്ന് സംരക്ഷിച്ചുനിർത്തിക്കൊണ്ടുതന്നെ, കാർഷിക-സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മികച്ച വിപണി പ്രവേശനം ഉറപ്പാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ചരക്ക് വ്യാപാരത്തിന് പുറമെ സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങൾ, ബൗദ്ധിക സ്വത്തവകാശം എന്നിവയും കരാറിൻ്റെ പരിധിയിൽ വരുന്നുണ്ട്.

കൂടാതെ, വിവിധ മേഖലകളിലെ വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള ചട്ടക്കൂടും കരാർ ഒരുക്കുന്നുണ്ട്. കമ്പനികൾക്കുള്ളിലെ സ്ഥലംമാറ്റക്കാർ, കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർ, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവർക്കെല്ലാം ഇതിൻ്റെ ആനുകൂല്യം ലഭിക്കും. യൂറോപ്യൻ കമ്മിഷൻ്റെ കണക്കുകൾ പ്രകാരം 2025ൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം 118 ബില്യൺ യൂറോയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here