തിരുപ്പറംകുൺട്രത്ത് ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ മധുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാർത്തിക ദീപം ആഘോഷത്തിന് മുന്നോടിയായി ജില്ലയിൽ വൻ ജനകൂട്ടം എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള മലമുകളിലെ തൂണിൽ ദീപം തെളിയിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും വിവിധ സംഘടനകൾ രംഗത്തുണ്ട്.
നവംബർ 23-ന് രാത്രി ഒൻപത് മണി മുതൽ നവംബർ 25-ന് രാവിലെ 10 മണി വരെയാണ് നിയന്ത്രണങ്ങൾ. മധുര സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ പൊലീസ് മേധാവി, തിരുമംഗലം റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. മലമുകളിൽ ദീപം തെളിയിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും വിവിധ സംഘടനകൾ ആളുകളെ സംഘടിപ്പിക്കുന്നതായി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മധുരയ്ക്ക് പുറത്തുള്ള ജില്ലകളിൽ നിന്നുൾപ്പെടെ ഇരുവിഭാഗങ്ങളിലെയും ആളുകൾ വലിയ തോതിൽ എത്താൻ സാധ്യതയുണ്ടെന്നും ഇത് ഏറ്റുമുട്ടലിനും ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കാമെന്നും അധികൃതർ വിലയിരുത്തി.







