കാൽമുട്ട് വേദനയും അമിതഭാരവും ഇനിയൊരു തടസമാകില്ല; പരിഹാരവുമായി ശാസ്‌ത്രലോകം

0
7

അസഹനീയമായ കാൽമുട്ട് വേദന അനുഭവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. കാൽമുട്ട് സന്ധിയിലെ തരുണാസ്ഥിയുടെ തേയ്‌മാനം മൂലം ഉണ്ടാകുന്ന ഒരു സന്ധിവാതമാണ് ‘നി ഓസ്റ്റിയോ ആർത്രൈറ്റിസ്’. വേദനാജനകമായ നി ഓസ്റ്റിയോ ആർത്രൈറ്റിസ് (knee OA) ഉള്ള ആളുകൾക്ക് നടക്കുക, പടികൾ കയറുക, കസേരയിൽ നിന്ന് എഴുന്നേൽക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ശരീരഭാരം കൂടുന്നത് ഈ പ്രയാസങ്ങൾ കൂടുതൽ വഷളാക്കും. എന്നാൽ, ശരീരഭാരം കുറയ്ക്കുന്ന ‘റെറ്റാട്രൂറ്റൈഡ്’ എന്ന മരുന്ന് ഇതിന് ആശ്വാസം പകരുമെന്നാണ് ക്ലിനിക്കൽ പരീക്ഷണത്തിലൂടെ കണ്ടെത്തിയത്.

നോർത്ത്‌വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ 1,000-ത്തിലധികം പേരിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ ഏറ്റവും ഉയർന്ന ഡോസ് റെറ്റാട്രൂടൈഡ് (retatrutide) നൽകിയവരുടെ ശരീരഭാരം ശരാശരി 25% കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. റെറ്റാട്രുടൈഡ് ഉപയോഗിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗത്തോളം പേർക്കും മുട്ടുവേദനയിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം, റെറ്റാട്രൂടൈഡിന് പകരമായി ഔഷധഗുണമില്ലാത്ത പ്ലാസിബോ ചികിത്സാരീതി പ്രയോഗിച്ചവരിൽ 38 ശതമാനം പേർക്ക് മാത്രമാണ് ഇത്തരത്തിൽ ആശ്വാസം ലഭിച്ചത്.

ഭാരക്കുറവിനും കാൽമുട്ടുവേദന കുറയുന്നതിനും പുറമേ മറ്റ് പല ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്. രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിൻ്റെ അളവ്, ശരീരത്തിലുടനീളമുള്ള വീക്കം (inflammation) എന്നിവ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ നവംബർ എട്ടിന് ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ (New England Journal of Medicine) എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“അമിതഭാരവും ഓസ്റ്റിയോ ആർത്രൈറ്റിസും (OA) ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം, ഈ ചികിത്സയിലൂടെ ഗണ്യമായ അളവിൽ ഭാരം കുറയ്ക്കാൻ സാധിച്ചാൽ, കാൽമുട്ടുവേദനയിൽ കാര്യമായ കുറവുണ്ടാകാൻ നല്ല സാധ്യതയുണ്ട് എന്നാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്” നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഫെയിൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, അനസ്‌തേഷ്യോളജി, റൂമറ്റോളജി വിഭാഗം പ്രൊഫസറായ ഡോ. തോമസ് ഷ്‌നിറ്റ്‌സർ പറഞ്ഞു.

“ഇതിലെ ഒരു പ്രധാന ഘടകം എന്തെന്നാൽ, കാൽമുട്ടുകളിൽ ചെലുത്തുന്ന ഭാരം കുറയുന്നു എന്നതാണ്. തൽഫലമായി വേദന കുറയുകയും ശരീരത്തിൻ്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണക്രമവും വ്യായാമവും എന്തുകൊണ്ട് പ്രധാനമാണ്?

ഈ കണ്ടെത്തലുകൾ ശുഭസൂചകമാണെങ്കിലും അമിതഭാരവും ഓസ്റ്റിയോ ആർത്രൈറ്റിസുമുള്ള ആളുകൾ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ചികിത്സയുടെ ആദ്യ പടിയെന്ന് ഡോ. ഷ്‌നിറ്റ്‌സർ ഊന്നിപ്പറഞ്ഞു. ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്തുക, ശാരീരിക പ്രവർത്തനങ്ങൾ നടത്തുക, മറ്റ് സുസ്ഥിരമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുക എന്നിവയിലൂടെ ചെലവേറിയ പുതിയ ഭാരക്കുറവിനായുള്ള മരുന്നുകളെ (weight-loss medications) ആശ്രയിക്കാതെ തന്നെ രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സാധിക്കും.

കൂടാതെ, GLP-1 മരുന്നുകൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ദഹനപ്രശ്‌നങ്ങൾ, പേശികളുടെ ബലം കുറയുക തുടങ്ങിയ പാർശ്വഫലങ്ങളും ഇത്തരം മാർഗ്ഗങ്ങളിലൂടെ ഒഴിവാക്കാം. കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർക്ക് പേശികളുടെ ബലം നിലനിർത്തുന്നത് വളരെ പ്രധാനമാണ്; കാരണം സന്ധികൾക്ക് ചുറ്റുമുള്ള പേശികൾ അവയ്ക്ക് താങ്ങും സ്ഥിരതയും നൽകുന്നു. അതിനാൽ, പേശികളുടെ ബലം അമിതമായി കുറയുന്നത്, ഇതിനകം തന്നെ ചലനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്‌ടിച്ചേക്കാം.

‘റെറ്റാട്രുടൈഡ്’

പരീക്ഷണങ്ങളിൽ ശരീരഭാരത്തിലും വേദനയിലും കാര്യമായ പുരോഗതിയുള്ളതായി കണ്ടെത്തിയെങ്കിലും പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരങ്ങൾ ലഭിച്ചിട്ടില്ല.’റെറ്റാട്രുടൈഡ്’ (retatrutide) എന്ന ഈ മരുന്ന് രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. രോഗികൾക്ക് ഭാവിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (knee replacement surgery) വേണ്ടിവരാനുള്ള സാധ്യത കുറയ്ക്കുന്ന തരത്തിൽ കാൽമുട്ടിലെ വേദന മന്ദഗതിയിലാക്കാൻ ഈ മരുന്നിന് കഴിയുമോ എന്ന കാര്യത്തിൽ ഗവേഷകർക്ക് ഇപ്പോഴും വ്യക്തതയില്ല. ഇതിനകം തന്നെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നവരെ ഈ പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here