മറ്റൊരു അഭിമാനകരമായ അംഗീകാരം കൂടി ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ആകാശത്ത് വെച്ചുണ്ടായ അടിയന്തര സാഹചര്യത്തിൽ അസാമാന്യമായ ധൈര്യവും മനസ്സാന്നിധ്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചറിന് ഭാരത് ബ്രേവ്ഹാർട്ട് പുരസ്കാരം ലഭിച്ചു. സിഎൻഎൻ ന്യൂസ് 18 ഇന്ത്യൻ ഓഫ് ദി ഇയർ 2026 പുരസ്കാര വേദിയിലാണ് രാജ്യത്തിന് അഭിമാനമായ ഈ ധീരയോദ്ധാവിനെ ആദരിച്ചത്.
അപകടഘട്ടത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടതിനാണ് അദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചത്. എന്നാൽ ശാരീരികമായ അസ്വസ്ഥതകളും ചികിത്സയും തുടരുന്നതിനാൽ പുരസ്കാര ദാന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ ക്യാപ്റ്റൻ സ്മിത്തിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഭാര്യയാണ് സന്തോഷവും വികാരനിർഭരവുമായ വാക്കുകൾ പങ്കുവെച്ചത്.
തന്റെ കർത്തവ്യം അന്തസ്സോടെ നിർവഹിക്കാനും രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനും സാധിച്ചതിൽ അദ്ദേഹം ഏറെ അഭിമാനിക്കുന്നുണ്ടെന്ന് ഭാര്യ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വിശ്രമം ആവശ്യമുള്ളതിനാലാണ് ചടങ്ങിൽ എത്താൻ കഴിയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ നിന്ന ക്യാപ്റ്റൻ സ്മിത്തിന്റെ ധീരതയ്ക്ക് ലഭിച്ച ഈ അംഗീകാരം ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണ്.







