വരണ്ട ചുണ്ടുകൾ ശരീരത്തിന്‍റെ മുന്നറിയിപ്പ്; കാരണങ്ങളും പരിഹാരങ്ങളും അറിയാം

0
6

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയും കാരണം നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ‘വരണ്ട ചുണ്ടുകൾ’. അമിതമായ അളവിലുള്ള കഫീൻ്റെ(കാപ്പി, ചായ തുടങ്ങിയവ) ഉപയോഗം, കഠിനമായ രാസവസ്‌തുക്കൾ അടങ്ങിയ സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങൾ, അൾട്രാവയലറ്റ് (UV) രശ്‌മികൾ, ശരീരത്തിൽ മെലാനിൻ്റെ അളവ് കൂടുക തുടങ്ങിയ ഘടകങ്ങൾ ചുണ്ടുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചുണ്ടുകൾ വരണ്ടുപോകുന്നതോ, നിറം മങ്ങുന്നതോ, ഇരുണ്ടുപോകുന്നതോ ശരീരത്തിനുള്ളിലെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് ചുണ്ടുകൾ വരണ്ടുപോകുന്നത്?: ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ (നിർജ്ജലീകരണം അഥവാ ഡീഹൈഡ്രേഷൻ) ചുണ്ടുകൾ വരണ്ടുപോകാൻ കാരണമാകും. ഇതുകൂടാതെ വായയിലൂടെ ശ്വസിക്കുന്ന ശീലം, ചില പ്രത്യേക ഘടകങ്ങൾ അടങ്ങിയ ലിപ് ബാമുകളോ ലിപ്സ്റ്റിക്കുകളോ ഉപയോഗിക്കുന്നത് എല്ലാം ചുണ്ടുകൾ വരണ്ടുപോകാൻ ഇടയാക്കും. അതിനാൽ, ഈ പ്രശ്‌നം ഒഴിവാക്കാൻ, ഇതിൻ്റെ യഥാർത്ഥ കാരണങ്ങൾ മനസിലാക്കി ആവശ്യമായ കരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്.

ചുണ്ടുകൾ വരണ്ടുപോകുന്നത് തടയാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം?:

1) ധാരാളം വെള്ളം കുടിക്കുക: ചുണ്ടുകളിലെ സ്വാഭാവിക ഈർപ്പം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്‌ധർ പറയുന്നു. ഇതിനായി ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

2) ലിപ് ബാം ഉപയോഗിക്കുക: പുറത്തിറങ്ങുന്നതിന് മുമ്പ്, SPF 15-ഓ അതിൽ കൂടുതലോ ഉള്ള ലിപ് ബാം പുരട്ടുക. സൂര്യനിൽ നിന്നുള്ള ദോഷകരമായ അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് ചുണ്ടുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. സുഗന്ധദ്രവ്യങ്ങളോ (fragrances) ചർമ്മത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന രാസവസ്‌തുക്കളോ ഇല്ലാത്ത ലിപ് ബാം തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. കൂടാതെ, പുറത്തിറങ്ങുമ്പോൾ മാസ്കോ സ്‌കാർഫോ ഉപയോഗിച്ച് ചുണ്ടുകൾ മറയ്ക്കുന്നത് കൂടുതൽ സംരക്ഷണം നൽകും.

3) ചുണ്ടുകൾ സ്വയം കടിക്കുന്നത് ഒഴിവാക്കുക: ചിലർക്ക് ഇടയ്ക്കിടെ സ്വയം ചുണ്ടുകൾ കടിക്കുന്ന ശീലമുണ്ട്. എന്നാൽ, ഈ ശീലം ചുണ്ടുകളിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും അവ കൂടുതൽ വരണ്ടുപോകാൻ കാരണമാവുകയും ചെയ്യും.

4) കറ്റാർവാഴ ജെൽ (Aloe Vera Gel) പുരട്ടുക: ചുണ്ടുകൾ മൃദുവായി നിലനിർത്താൻ കറ്റാർവാഴ ജെൽ വളരെ ഫലപ്രദമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ്, അൽപം കറ്റാർവാഴ ജെൽ ചുണ്ടുകളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചുണ്ടുകൾക്ക് ആവശ്യമായ ഈർപ്പം നൽകുകയും അവയെ മൃദുവാക്കുകയും ചെയ്യുന്നു.

വരണ്ട ചുണ്ടുകളെ മൃദുവാക്കാൻ കറ്റാർവാഴ ജെൽ വളരെ ഫലപ്രദമാണെന്ന് 2018-ൽ ‘ജേണൽ ഓഫ് ഡെർമറ്റോളജിക്കൽ സയൻസ്’ (Journal of Dermatological Science) എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു പഠനം സ്ഥിരീകരിക്കുന്നു. ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് മൺസ്റ്ററിലെ ഡെർമറ്റോളജിസ്റ്റായ ഡോ. ഉവെ ആർ. ഗീലർ ആണ് ഈ ഗവേഷണം നടത്തിയത്. കറ്റാർവാഴയിലുള്ള ഔഷധ ഗുണങ്ങൾ ചുണ്ടുകളെ മൃദുവായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

5) ഒലീവ് ഓയിൽ ഉപയോഗിക്കുക: ചുണ്ടുകളിലെ വരൾച്ച കുറയ്ക്കാൻ ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. വരണ്ടതും മങ്ങിയതുമായ ചുണ്ടുകൾക്ക് ഈർപ്പം നൽകാനും, അവയെ മൃദുവാക്കാനും, ചുണ്ടുകളുടെ നിറം ഏകീകൃതമാക്കുന്നതിനും ഒലീവ് ഓയിലിന് കഴിയുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്തമായവയോ അല്ലാതെ മറ്റേതെങ്കിലും ക്രീമുകളോ ലിപ് ബാം, ലിപ് ജെൽ തുടങ്ങിയവയോ ഉപയോഗിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, ആദ്യം ഒരു ആരോഗ്യ വിദഗ്‌ധൻ്റെ ഉപദേശം തേടുന്നതാണ് ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here