വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കവേ, അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നിലവിൽ സാവധാനത്തിൽ നീങ്ങുന്ന ‘അക്വാൻ’ ഈ മാസം 20-ാം തീയതിയോടെ കാക്കിനടയ്ക്ക് സമീപം കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. ഇതിൻ്റെ ഫലമായി ഇന്ന് മുതൽ ആന്ധ്രാപ്രദേശിൻ്റെ തീരപ്രദേശങ്ങളിൽ മഴ ലഭിക്കാന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൻ്റെ തെക്ക്-മധ്യ, പടിഞ്ഞാറ്-മധ്യ ഭാഗങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്ന ഈ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് നീങ്ങുന്നത്. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് ‘തീവ്ര ചുഴലിക്കാറ്റായി’ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് അക്വാന് ചുഴലിക്കാറ്റ് നീങ്ങുമ്പോൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇത് അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. കാക്കിനടയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, കാക്കിനടയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയോടെ ഇത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വിലയിരുത്തുന്നു. കരയിൽ പ്രവേശിക്കുന്ന സമയത്ത് ചുഴലിക്കാറ്റിൻ്റെ ശക്തിയിൽ നേരിയ കുറവുണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തെ ബാധിക്കുന്നതെങ്ങനെ?
‘അക്വാൻ’ ചുഴലിക്കാറ്റ് പ്രധാനമായും ആന്ധ്ര, ഒഡീഷ, തമിഴ്നാട് തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. പക്ഷേ, ഇതിൻ്റെ പരോക്ഷ സ്വാധീനം കേരളത്തിലും പ്രതിഫലിക്കും. ചുഴലിക്കാറ്റ് അതിൻ്റെ കേന്ദ്രഭാഗത്തേക്ക് അന്തരീക്ഷ ഈർപ്പം ആഗിരണം ചെയ്യുന്നതിനാൽ, കേരളത്തിൽ ഈ സമയത്ത് സാധാരണ ലഭിക്കേണ്ട തുലാവർഷ മഴയിൽ വലിയ കുറവുണ്ടാകും. ഇതിൻ്റെ ഫലമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ മേഖലകളിൽ വരുംദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും.
മഴ മാറിനിൽക്കുന്നതോടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പകൽസമയത്തെ ചൂട് ക്രമാതീതമായി ഉയർന്നേക്കാം. കൊടുങ്കാറ്റിൻ്റെ സഞ്ചാരപഥം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലായതിനാൽ, ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ ഉണ്ടാകുന്നത് പോലെയുള്ള അതിതീവ്ര മഴയോ ശക്തമായ കാറ്റോ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.
രായലസീമയിൽ കനത്ത മഴ
‘അക്വാൻ’ ചുഴലിക്കാറ്റ് കടലിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നതിൻ്റെ ഫലമായി ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയോടെ കാറ്റിൻ്റെ വേഗത പരമാവധി 145 കിലോമീറ്റർ വരെ ഉയർന്നേക്കാം.
ആന്ധ്രാപ്രദേശ് തീരദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മിതമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നും, ചിലയിടങ്ങളിൽ അസാധാരണമാംവിധം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19, 20 തീയതികളിൽ ചിലയിടങ്ങളിൽ 21 സെൻ്റിമീറ്ററിലധികം മഴ ലഭിച്ചേക്കാമെന്നും പ്രവചനമുണ്ട്. കൂടാതെ, 21-ാം തീയതി തീരദേശ മേഖലയിലെ പലയിടങ്ങളിലും രായലസീമയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കാക്കിനാഡയ്ക്ക് സമീപം ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രത പുലർത്തണം എന്നറിയിച്ചിട്ടുണ്ട്. കാക്കിനാഡ ജില്ലയിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് കലക്ടർ ഹരേന്ദ്ര പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചുഴലിക്കാറ്റ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ, കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലുടനീളമുള്ള കുളങ്ങൾ, ജലസംഭരണികൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ അവസ്ഥ ഉദ്യോഗസ്ഥർ നിരന്തരം നിരീക്ഷിച്ചുവരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും, ആവശ്യമുള്ളിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണമെന്നും കലക്ടർ നിർദേശം നൽകി.
ചുഴലിക്കാറ്റ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ, കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലുടനീളമുള്ള കുളങ്ങൾ, ജലസംഭരണികൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ അവസ്ഥയും ഉദ്യോഗസ്ഥർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുള്ളിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണമെന്നും കലക്ടർ നിർദേശം നൽകി.






