പഠനത്തോടൊപ്പം പെൺകുട്ടികൾക്ക് വരുമാനവും സ്വയംതൊഴിലും,കാമ്പസുകളിൽ കുടുംബശ്രീ യൂണിറ്റുകൾ വരുന്നു;

0
10

കോഴിക്കോട്: വനിതാ ശാക്തീകരണത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമായി സംസ്ഥാനത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കോളജ് കാമ്പസുകളിലെ പെൺകുട്ടികളിലേക്കും വ്യാപിപ്പിക്കുന്നു. ‘കുടുംബശ്രീ അറ്റ് കാമ്പസ്’ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും സംരംഭകത്വ പരിചയവും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബിരുദ പഠനകാലം അക്കാദമിക് പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ വിവിധ തൊഴിൽ മേഖലകളിൽ കഴിവ് തെളിയിക്കാനും ഭാവിയിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇതിലൂടെ വിദ്യാർഥിനികൾക്ക് അവസരമൊരുങ്ങും. ഇതിനായി സംസ്ഥാനത്തെ കോളജ് കാമ്പസുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെറുഗ്രൂപ്പുകൾ രൂപീകരിക്കും. സാങ്കേതികവിദ്യ, സർഗാത്മകത തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും ഈ ഗ്രൂപ്പുകളുടെ പ്രവർത്തനം.

ഓരോ കോളജ് കാമ്പസിലും കുറഞ്ഞത് ഒരു യൂണിറ്റെങ്കിലും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി 20 വിദ്യാർഥിനികൾ അടങ്ങുന്ന ഓരോ യൂണിറ്റിനും നേതാവ്, ഫിനാൻസ് കോഓർഡിനേറ്റർ എന്നിവരടക്കം അഞ്ച് ഭാരവാഹികളുണ്ടാകും. കോളജ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴേക്കും സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്താൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എൻസിസി, എൻഎസ്എസ് തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ കാമ്പസ് പഠനം അവസാനിച്ചാലും വിദ്യാർഥിനികൾക്ക് കുടുംബശ്രീയുടെ തുടർപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരമുണ്ടാകും. ഇതിലൂടെ പെൺകുട്ടികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ സംരംഭകത്വ രംഗത്ത് മുന്നേറാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് രാവിലെ ആറുമണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം നിർവഹിക്കുമെന്ന് കുടുംബശ്രീ ഡയറക്ടർ വിഘ്നേശ്വരി ഐഎഎസ് ഇടിവി ഭാരതിനോട് പറഞ്ഞു.

വിദ്യാർഥിനികൾക്ക് പരിശീലനവും സാമ്പത്തിക പിന്തുണയും
കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അവരുടെ താത്പര്യങ്ങൾക്കും ആശയങ്ങൾക്കും അനുസരിച്ചുള്ള പരിശീലനം, ശേഷിവികസനം, സാമ്പത്തിക സഹായം, മെൻ്ററിങ് എന്നിവ ലഭ്യമാക്കുമെന്ന് കുടുംബശ്രീ ഡയറക്ടർ വ്യക്തമാക്കി. കോളജുകളിൽ കുറഞ്ഞത് അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ച് കൂട്ടായ പ്രവർത്തനങ്ങളിലൂടെ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകും. സ്വന്തമായി ബിസിനസ് ആശയങ്ങളുള്ള വിദ്യാർഥിനികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ ക്രെഡിറ്റ് സൗകര്യവും പദ്ധതിയുടെ സ്വഭാവത്തിനനുസരിച്ചുള്ള സബ്‌സിഡിയും ലഭ്യമാക്കുമെന്നും വിഘ്നേശ്വരി അറിയിച്ചു.

പുതിയ തലമുറയുടെ ആശയങ്ങൾ കണ്ടെത്തി അവയെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനവും പിന്തുണയും കുടുംബശ്രീ ഉറപ്പാക്കും. സാങ്കേതികവിദ്യയും സർഗാത്മകതയും ഉൾപ്പെടെയുള്ള മേഖലകളിൽ വിദ്യാർഥിനികൾക്ക് പുതിയ സാധ്യതകൾ കണ്ടെത്താനും സ്വന്തം വരുമാനമാർഗങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകമാകും.

കോഓർഡിനേറ്റർമാരില്ല; കുടുംബശ്രീ പ്രവർത്തനം പ്രതിസന്ധിയിൽ
പുതിയ പദ്ധതിയുമായി കുടുംബശ്രീ മുന്നോട്ടുപോകുമ്പോഴും നിലവിലെ സംഘടനാ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ കുറവ് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇടതുഭരണകാലത്ത് വലിയ പരാതികളില്ലാതെ മുന്നോട്ടുപോയ കുടുംബശ്രീക്ക് നിലവിൽ പരാതികൾ കേൾക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണുള്ളത്. വിവിധ ജില്ലകളിൽ ജില്ലാ മിഷൻ കോഓർഡിനേറ്റർമാരുടെയും അസിസ്റ്റൻ്റ് കോഓർഡിനേറ്റർമാരുടെയും ഒഴിവുകൾ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ മാത്രമാണ് നിലവിൽ ജില്ലാ മിഷൻ കോഓർഡിനേറ്റർമാരുള്ളത്. ഓരോ ജില്ലയിലും നാല് അസിസ്റ്റൻ്റ് കോഓർഡിനേറ്റർമാരാണ് വേണ്ടത്. എന്നാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ കോഓർഡിനേറ്ററും അസിസ്റ്റൻ്റ് കോഓർഡിനേറ്റർമാരും ഇല്ലാത്ത അവസ്ഥയാണ്. മറ്റ് ജില്ലകളിൽ ഓരോ അസിസ്റ്റൻ്റ് കോഓർഡിനേറ്റർമാർ മാത്രമാണുള്ളത്.

സാമ്പത്തികവർഷത്തിൻ്റെ അവസാന പാദം അടുത്തെത്തിയിട്ടും കേന്ദ്ര ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) വഴി അനുവദിച്ച 200 കോടി രൂപയിൽ പകുതിപോലും ഇതുവരെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പദ്ധതികളുടെ നടത്തിപ്പിനെയും സാമ്പത്തിക വിനിയോഗത്തെയും ബാധിക്കുന്നതായാണ് വിലയിരുത്തൽ. അതേസമയം, കോഓർഡിനേറ്റർമാരുടെ ഒഴിവുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉടൻ നിയമനം നടത്തുമെന്നും കുടുംബശ്രീ ഡയറക്ടർ വിഘ്നേശ്വരി ഐഎഎസ് വ്യക്തമാക്കി. പുതിയ ആശയങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here