കാലിക്കറ്റ് സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലുകൾ ഏഴ് ലക്ഷം രൂപ മുടക്കി യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചതായി വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി രവീന്ദ്രൻ അറിയിച്ചു. ഇനി കെട്ടിടങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ സർവകലാശാലാതല നടപടികൾക്കൊപ്പം പോലീസിൽ പരാതി നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ 13-ന് സർവകലാശാലാ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സി.പി.എം. നേതാവ് എ. വിജയരാഘവൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്നും വൈസ് ചാൻസിലർ പറഞ്ഞു. ഹോസ്റ്റൽ ചുമരുകളിൽ ഇനിയും വരയ്ക്കണമെന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തത്. ഒരു മുതിർന്ന രാഷ്ട്രീയനേതാവ് നടത്താൻ പാടില്ലാത്തതും ആശാസ്യകരമല്ലാത്തതുമായ പ്രസ്താവനയാണത്. അധിക്ഷേപകരമായ ചുമരെഴുത്തുകളായിരുന്നു ഹോസ്റ്റൽ നിറയെ ഉണ്ടായിരുന്നതെന്നും അത് ഇനി ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും വി.സി. വ്യക്തമാക്കി.






