ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്ത് ഇന്ത്യ. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷന്‍ മിസൈലായ രുദ്രം വിജയകരമായി പരീക്ഷിച്ചു. ബലാസോറിലെ ഐടിആറില്‍ നിന്നുമാണ് രുദ്രം പരീക്ഷിച്ചത്.
ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് ആന്റി റേഡിയേഷന്‍ മിസൈലായ രുദ്രം വികസിപ്പിച്ചിരിക്കുന്നത്. വ്യോമവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമമേധാവിത്വവും തന്ത്രപ്രധാന ശേഷിയും നല്‍കാന്‍ രുദ്രത്തിന് കഴിയും. ആകാശത്തുവെച്ചുതന്നെ ശത്രുക്കളെ
നിഷ്പ്രഭമാക്കാന്‍ വേണ്ടി രൂപ കല്‍പ്പന ചെയ്ത മിസൈലുകള്‍ എത്ര ഉയരത്തില്‍ നിന്നുപോലും പ്രയോഗിക്കാം.ശത്രുക്കളുടെ റഡാറുകളും, ആശയവിനിമയ സംവിധാനങ്ങളും നിമിഷ നേരം കൊണ്ട് ചാരമാക്കാന്‍ രുദ്രത്തിന് കഴിയും.
ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു മിസൈല്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇന്ത്യയുടെ കരുത്തായ മിറാഷ് 2000, ജാഗുര്‍, എച്ചഎഎല്‍ തേജസ്, എച്ച്‌എഎല്‍ തേജസ് മാര്‍ക്ക് 2, സുഖോയ് 30 എംകെഐ വിമാനങ്ങളില്‍ ഈ മിസൈലുകള്‍ സംയോജിപ്പിക്കാം. 140 കിലോയാണ് രുദ്രം മിസൈലിന്റെ ഭാരം.
രുദ്രത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അറിയിച്ചത്. മിസൈല്‍ നിര്‍മ്മാതാക്കളായ ഡിആര്‍ഡിഒയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങളും നേര്‍ന്നു.