പത്തനംതിട്ട: ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് പത്തനംതിട്ട ഡയറിയില്‍ നിന്നും സന്നിധാനത്തെത്തി. പത്തനംതിട്ട തട്ടയിൽ പ്രവർത്തിക്കുന്ന ഡയറിയിൽ നിന്നും 5000 ലിറ്റർ നെയ്യുമായുള്ള വാഹനമാണ് ശബരിമലയിലെത്തിയത്. അരവണ നിർമാണത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി ആവശ്യപ്പെട്ട 10,000 ലിറ്റർ നെയ്യിന്റെ ആദ്യ ഘട്ടമാണ് നിലവില്‍ അയച്ചിട്ടുള്ളത്.
വിജിലൻസിന്റെ പ്രത്യേക അനുമതിയോടെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കർശന പരിശോധനകൾ പൂർത്തിയാക്കിയുമാണ് നെയ്യ് കൈമാറുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ വർഷം നെയ്യ്, വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള സാഹചര്യത്തില്‍ ഇത്തവണ മില്‍മയുടെ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ നെയ്യ് ക്രമക്കേട് ഏറെ വിവാദം ആയിരുന്നു. ഇതോടെയാണ് ശബരിമലയിലേക്ക് ആവശ്യമായ നെയ്യ് മില്‍മയില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ശബരിമലയിലേക്ക് കൊണ്ടുപോയ മില്‍മ നെയ്യ് വഴിയില്‍ വച്ച് മറിച്ചുവിറ്റ്, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചെന്നുമാണ് കേസ്. സംഭവം വിവാദമായതോടെ മില്‍മയെ ഒഴിവാക്കിയാണ് ആദ്യ ഘട്ടത്തിൽ ദേവസ്വം ബോര്‍ഡ് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തില്‍ ഉള്‍പ്പെട്ട തമിഴ്നാട്ടിലെ കരാറുകാരന് മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ റീ ടെന്‍ഡറില്‍ പങ്കെടുത്തത്.
ഇതോടെ റീ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതിന് ശേഷം ബോർഡ് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ടെൻഡർ എടുക്കാൻ മറ്റ് കരാറുകാരാരും എത്തിയില്ല. ഈ സാഹചര്യത്തിൽ നെയ്യ് വിതരണത്തിനായി വീണ്ടും മില്‍മയെ തന്നെ ചുമതലപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആദ്യ ഘട്ടമായി 5000 ലിറ്റർ നെയ്യ് ശബരിമലയിലേക്ക് അയച്ചിട്ടുള്ളത്.
അടിയന്തരമായി 10,000 ലിറ്റര്‍ നെയ്യ് നല്‍കണമെന്നായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടത്. നവംബർ 16ന് മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി നട തുറന്ന ശേഷം ഭക്തർ കൊണ്ടുവരുന്ന നെയ്യിന്റെ അളവ് പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ നെയ്യ് വാങ്ങുന്ന കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കുക എന്നാണ് വിവരം.
നെയ്യ് ക്രമക്കേടില്‍ വീണ്ടും അറസ്റ്റ്
ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നെയ്യ് വ്യാപാരികളായ വെങ്കിടേശ്വര്, കുമരന് എന്നിവരാണ് അറസ്റ്റിലായത്. മില്‍മയുടെ ഗോഡൗണില്‍ നിന്നെടുത്ത നെയ്യ് ശബരിമലയില്‍ എത്തിക്കാതെ ഇവര്‍ മറിച്ച് വില്‍ക്കുകയായിരുന്നു. 50 ലക്ഷം രൂപയ്ക്കാണ് നെയ്യ് മറിച്ച് വിറ്റതെന്നാണ് കരാറുകാരന് പറഞ്ഞത്. ഇപ്പോള്‍ അറസ്റ്റിലായ ഇരുവരും തട്ടിപ്പുനടത്തി കൊണ്ടുവന്ന നെയ്യാണെന്ന് അറിഞ്ഞാണ് വാങ്ങിയതെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്.








