കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെസിഎച്ച്ആർ) ചെയർപേഴ്‌സണായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉയർന്ന അക്കാദമിക് യോഗ്യതയും ഗവേഷണ മികവുമുള്ള വ്യക്തിയെയാണ് ചെയർമാനായി നിയമിച്ചിരിക്കുന്നതെന്നും ഇഷ്ടമില്ലാത്തവരെ സംഘിയാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഇടത് അധ്യാപക സംഘടനയിൽ സജീവമായി പ്രവർത്തിച്ച കാലത്തൊന്നും ഡോ. വിനോദ് കുമാറിന് സംഘപരിവാർ ബന്ധം കാണാതിരുന്ന പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിനോദ് കുമാർ അനഭിമതനായി മാറിയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം.
മഹാരാജാസ് കോളേജിൽ പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ പ്രമുഖ നേതാവ് എഴുതാത്ത പരീക്ഷയ്ക്ക് പാസാകാൻ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാതെ അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. അന്ന് തുടങ്ങിയ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോൾ KCHR നിയമനത്തിൽ അദ്ദേഹത്തിന് സംഘിച്ചാപ്പയടിച്ചു നൽകുന്നതിലേക്ക് എത്തിനിൽക്കുന്നത്. രാഷ്ട്രീയമായി തങ്ങൾക്ക് വഴങ്ങാത്തവർക്കും ഇഷ്ടമില്ലാത്തവർക്കും സംഘിച്ചാപ്പയടിച്ച് നൽകുന്ന സിപിഎമ്മിന്റെ സ്ഥിരം ഏർപ്പാട് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്നും മന്ത്രി കുറിപ്പിൽ അറിയിച്ചു.









