ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ബൂട്ടണിയാൻ റൊണാൾഡിഞ്ഞോ; നവംബർ 15ന് ആദ്യ മത്സരം
വിരമിക്കൽ പിൻവലിച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡിഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക്; ഇറ്റാലിയൻ ക്ലബ്ബായ റവേന എഫ്സിക്കായി ബൂട്ടണിയും.
റോം: ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡിഞ്ഞോ വീണ്ടും പ്രൊഫഷണൽ ഫുട്ബോളിലേക്ക് മടങ്ങിവരുന്നു. 46 കാരനായ താരം ഇറ്റാലിയൻ മൂന്നാം ഡിവിഷൻ (സെറി സി) ക്ലബ്ബായ റവേന എഫ്സിയുടെ ജേഴ്സിയിലാണ് വീണ്ടും പന്തുതട്ടാനൊരുങ്ങുന്നത്.
നവംബർ 15ന് ഫോർലിക്കെതിരെ നടക്കുന്ന സെറി സി ഡെർബി മത്സരത്തിലൂടെയാകും മുൻ ബാഴ്സലോണ, എസി മിലാൻ താരത്തിന്റെ തിരിച്ചുവരവ്. ഈ വർഷമാദ്യം ക്ലബ്ബിൽ ചേർന്നതിന് ശേഷം റൊണാൾഡിഞ്ഞോ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒക്ടോബറിൽ തന്നെ ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
കളിക്കാരൻ എന്നതിലുപരി ക്ലബ്ബിന്റെ സഹഉടമ എന്ന നിലയിലും റൊണാൾഡിഞ്ഞോ റവേനയുമായി സഹകരിക്കുന്നുണ്ട്. ജൂണിൽ ക്ലബ്ബുമായി കരാറിലേർപ്പെട്ട താരം, സുഹൃത്തായ ഇഗ്നാസിയോ സിപ്രിയാനിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബിൽ ഓഹരി പങ്കാളിത്തവും നേടിയിരുന്നു.
2015 സെപ്റ്റംബറിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിന് വേണ്ടിയാണ് റൊണാൾഡിഞ്ഞോ അവസാനമായി ഒരു മത്സരത്തിൽ കളിച്ചത്. 2018-ൽ അദ്ദേഹം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വിസ്മയിപ്പിച്ച താരങ്ങളിലൊരാൾ വീണ്ടും കളത്തിലിറങ്ങുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടി പൂർത്തിയാക്കാനുള്ള അവസരമാണ് ഈ തിരിച്ചുവരവിലൂടെ റൊണാൾഡിഞ്ഞോയ്ക്ക് ലഭിക്കുന്നത്. പ്രൊഫഷണൽ കരിയറിൽ 299 ഗോളുകൾ നേടിയാണ് അദ്ദേഹം കളി മതിയാക്കിയിരുന്നത്. ഇനി ഒരൊറ്റ ഗോൾ കൂടി നേടിയാൽ കരിയറിൽ 300 ഗോളുകൾ എന്ന നേട്ടം താരത്തിന് സ്വന്തമാക്കാം.
സ്റ്റേഡിയോ ബ്രൂണോ ബെനെല്ലിയിൽ ഫോർലിക്കെതിരെ നടക്കുന്ന ഡെർബി മത്സരം ലോകശ്രദ്ധ തന്നെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കി. വീണ്ടും പന്തുതട്ടാനും ക്ലബ്ബിനൊപ്പം പുതിയ ചരിത്രം എഴുതാനും കാത്തിരിക്കാൻ വയ്യെന്നാണ് കരാർ ഒപ്പിട്ട ശേഷം റൊണാൾഡിഞ്ഞോ പ്രതികരിച്ചത്. തനിക്ക് ഫുട്ബോൾ എന്നും സന്തോഷത്തിന്റെ കളിയാണെന്നും ആ ആവേശം റവേനയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിന്റെ അന്താരാഷ്ട്ര പ്രശസ്തി വർധിപ്പിക്കാനും ആരാധകരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും റൊണാൾഡിഞ്ഞോയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
2002-ൽ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പ് നേടിയ റൊണാൾഡിഞ്ഞോ 2005-ൽ ബാലൺ ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ബാഴ്സലോണയ്ക്കൊപ്പം രണ്ട് ലാ ലിഗ കിരീടങ്ങളും 2006-ൽ യുവേഫ ചാമ്പ്യൻസ് ലീഗും നേടി. പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി), എസി മിലാൻ എന്നീ വമ്പൻ ക്ലബ്ബുകൾക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. 11 വർഷങ്ങൾക്ക് ശേഷം വീണ്ടും കളത്തിലിറങ്ങുന്ന ഇതിഹാസ താരത്തിൽ നിന്ന് ഒരു മാന്ത്രിക നിമിഷവും 300-ാം ഗോളുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.






