2026-ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി പാലോലം,

0
8
Tourists sunbathing on sun loungers under sun umbrellas at tropical, sandy Anjuna Beach on a busy, crowded day on the Goa coast, India. (Photo by: Matthew Williams-Ellis/Universal Images Group via Getty Images)

കേരളീയ തനിമയോട് ഏറെ സാമ്യമുള്ള, എന്നാൽ ഗോവൻ സംസ്കാരത്തിൻ്റെ തനതായ സൗന്ദര്യം തുടിക്കുന്ന പാലോലം ബീച്ചിന് അന്താരാഷ്ട്ര തലത്തിൽ അഭിമാന നേട്ടം. ദക്ഷിണ ഗോവയിലെ പ്രശസ്തമായ പാലോലം ബീച്ചിനെ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി തെരഞ്ഞെടുത്തു.

ലോകപ്രശസ്ത യാത്രാ വെബ്‌സൈറ്റായ ‘ബീച്ച്.കോം’ പുറത്തുവിട്ട ‘ഗ്ലോബൽ ബീച്ച് ഇൻഡക്സ് 2026’ ലാണ് പാലോലം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഏഷ്യയിൽ ഒന്നാമതെത്തിയ പാലോലം ആഗോളതലത്തിൽ ആറാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

പാലോലം ബീച്ച് 

ലോകത്തിലെ ഏറ്റവും മികച്ച 25 ബീച്ചുകളുടെ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഏഷ്യൻ കടൽത്തീരമെന്ന ബഹുമതിയും പാലോലത്തിനാണ്. ഇതോടെ, ശാന്തവും മനോഹരവുമായ യാത്രകൾ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ യാത്രാ ഭൂപടത്തിൽ ദക്ഷിണ ഗോവ ഇനി കൂടുതൽ തിളങ്ങും.

എന്തുകൊണ്ട് പാലോലം സവിശേഷമാകുന്നു?

കാനകോണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പാലോലം ബീച്ചിന് സഞ്ചാരികളെ ആകർഷിക്കാൻ നിരവധി ഘടകങ്ങളുണ്ട്. അർദ്ധചന്ദ്രൻ്റെ ആകൃതിയിലുള്ള മനോഹരമായ തീരവും, വെളുത്ത മണൽത്തരികളും, തലയാട്ടി നിൽക്കുന്ന തെങ്ങിൻതോപ്പുകളും പാലോലത്തെ ഒരു ദൃശ്യവിരുന്നാക്കി മാറ്റുന്നു.

വടക്കൻ ഗോവയിലെ ബഹളമയമായ ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി, തികച്ചും ശാന്തവും സമാധാനപരവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. കടലിൻ്റെ ഭംഗി ആസ്വദിച്ച് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രിയങ്കരമാണ്. ഒരു ഉൾക്കടൽ പോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ തിരമാലകൾക്ക് വേഗത കുറവാണ്. കടലിൽ നീന്താനും ആസ്വദിക്കാനും ഏറ്റവും സുരക്ഷിതമായ ഇടമാണിത്. കാലടികളെ തഴുകുന്ന മൃദുവായ സ്വർണമണൽ പരപ്പ് ഈ തീരത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്

വെറുതെ കടൽ കണ്ട് ഇരിക്കാൻ മാത്രമല്ല, വിനോദങ്ങൾക്കും പാലോലം മികച്ചതാണ്. കയാക്കിങ്‌, ഡോൾഫിനുകളെ കാണാനുള്ള ബോട്ട് യാത്രകൾ, അടുത്തുള്ള മങ്കി ഐലൻഡ് സന്ദർശനം എന്നിവ സഞ്ചാരികൾക്ക് സാഹസികാനുഭവം നൽകുന്നു.

തൊട്ടടുത്തുള്ള അഗോണ്ട, പട്നെം ബീച്ചുകളും കായൽ ഭംഗിയും ഇവിടുത്തെ യാത്രാനുഭവം ഇരട്ടിയാക്കുന്നു. പാലോലത്തെ ഏറ്റവും ജനപ്രിയമാക്കുന്നത് ഇവിടുത്തെ ‘സൈലൻ്റ്‌ നോയ്‌സ് പാർട്ടികൾ’ ആണ്. വലിയ ഉച്ചഭാഷിണികൾക്ക് പകരം, ഹെഡ്‌ഫോണുകൾ ധരിച്ച് ആളുകൾ നൃത്തം ചെയ്യുന്ന ഈ പാർട്ടികൾ ഏറെ വ്യത്യസ്തമാണ്. യോഗ കേന്ദ്രങ്ങൾ, ബീച്ച് സൈഡ് കഫേകൾ, വെൽനസ് റിട്രീറ്റുകൾ എന്നിവയും പാലോലത്തിന്റെ ആകർഷണങ്ങളാണ്.

റാങ്കിങ് എങ്ങനെയായിരുന്നു?

വെള്ളത്തിൻ്റെ ഗുണനിലവാരം, ജനപ്രീതി, എത്തിച്ചേരാനുള്ള എളുപ്പം, കാലാവസ്ഥ, സന്ദർശകരുടെ അഭിപ്രായങ്ങൾ തുടങ്ങി 18 കടുത്ത മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ബീച്ച്.കോം ഈ ഇൻഡക്സ് തയ്യാറാക്കിയത്. 58 യാത്രാ വിദഗ്‌ധർ, ഉള്ളടക്ക നിർമ്മാതാക്കൾ എന്നിവരിൽ നിന്നുള്ള നിർദേശങ്ങൾ, 322 ബീച്ചുകളുടെ വിവരങ്ങൾ, സാറ്റലൈറ്റ് ഡാറ്റ, ഒപ്പം 93,000-ത്തിലധികം ഗൂഗിൾ മാപ്സ് റിവ്യൂകൾ എന്നിവ വിശകലനം ചെയ്താണ് പാലോലത്തെ ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്.

എപ്പോൾ സന്ദർശിക്കണം?

പാലോലം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. ഈ സമയത്ത് ഗോവയിൽ വളരെ സുഖകരമായ കാലാവസ്ഥയായിരിക്കും. ക്രിസ്മസ്, പുതുവത്സര സമയങ്ങളിൽ ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് ഗോവയിൽ മികച്ച കാലാവസ്ഥയായിരിക്കും.

കഠിനമായ ചൂടോ മഴയോ ഇല്ലാതെ, സുഖകരമായ കുളിർകാറ്റും തെളിഞ്ഞ ആകാശവും കടൽയാത്രകൾക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷവും ഈ മാസങ്ങളുടെ പ്രത്യേകതയാണ്. ഒക്ടോബറോടെ ഇവിടുത്തെ പ്രശസ്തമായ ബീച്ച് ഹട്ടുകൾ സജീവമാകുകയും മാർച്ച് അവസാനത്തോടെ അവ മാറ്റുകയും ചെയ്യും.

തീവണ്ടി മാർഗം

കാനകോണ ആണ് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ. ഇവിടെ നിന്ന് പാലോലം ബീച്ചിലേക്ക് വെറും 3 കിലോമീറ്റർ മാത്രമാണുള്ളത്. ഓട്ടോറിക്ഷയിലോ ടാക്സിയിലോ 10 മിനിറ്റുകൊണ്ട് ബീച്ചിലെത്താം. വലിയ ട്രെയിനുകൾക്കെല്ലാം സ്റ്റോപ്പുള്ള മഡ്ഗാവ് റെയിൽവേ സ്റ്റേഷനാണ് മറ്റൊരു പ്രധാന ആശ്രയം. മഡ്ഗാവിൽ നിന്ന് പാലോലത്തേക്ക് ഏകദേശം 36 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ നിന്ന് പ്രൈവറ്റ് ബസുകളോ പ്രീപെയ്ഡ് ടാക്സികളോ ലഭ്യമാണ്.

വിമാന മാർഗം

വടക്കൻ ഗോവയിലുള്ള മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാലോലത്തേക്ക് ഏകദേശം 100 കിലോമീറ്ററിലധികം ദൂരമുണ്ട്. ടാക്സി മാർഗ്ഗം ഇവിടെയെത്താൻ 2.5 മുതൽ 3 മണിക്കൂർ വരെ എടുക്കും. തെക്കൻ ഗോവയിലുള്ള പഴയ എയർപോർട്ടാണ് ദബോലിം വിമാനത്താവളം. പാലോലത്തോട് കുറച്ചുകൂടി അടുത്തുള്ളത് (ഏകദേശം 60 കിലോമീറ്റർ). ഇവിടെ നിന്ന് പ്രീപെയ്ഡ് ടാക്സി വഴി 1.5 മണിക്കൂർ കൊണ്ട് ബീച്ചിലെത്താം.

LEAVE A REPLY

Please enter your comment!
Please enter your name here