ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ച് മധ്യപ്രദേശ് താരം അനുജ് ശ്രീവാത്രി. ഫിലിപ്പീൻസിൽ നടന്ന ഏഴാമത് ഏഷ്യൻ പ്ലസ് ഇൻഡിവിജ്വൽ ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടിയതോടെ 22കാരനായ അനുജ് ഇന്ത്യയുടെ നൂറാമത് ഗ്രാൻഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കി. ദീപാവലി ദിനത്തിലാണ് ഈ ചരിത്രനേട്ടം രാജ്യം കൊണ്ടാടിയത്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് നിരാശയോടെയാണ് അനുജ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത്. എന്നാൽ ശക്തമായി തിരിച്ചുവന്ന താരം 9 റൗണ്ടുകളിൽ നിന്ന് 7 പോയിന്‍റ് നേടി ഒന്നാമതെത്തി. ആറര പോയിന്‍റോടെ വിയറ്റ്നാമിന്‍റെ ന്യൂയെൻ ഡുക് ഹോവ രണ്ടാം സ്ഥാനവും, 6 പോയിന്‍റോടെ ഫിലിപ്പീൻസിന്‍റെ നൂറി അലഖിൻ മൂന്നാം സ്ഥാനവും നേടി. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് അനുജ് കിരീടത്തിനൊപ്പം ഗ്രാൻഡ്‌മാസ്റ്റര്‍ പദവിയും ഉറപ്പിച്ചത്.
1988-ൽ വിശ്വനാഥൻ ആനന്ദിലൂടെയാണ് ഇന്ത്യ ആദ്യമായി ഒരു ഗ്രാൻഡ്‌മാസ്റ്ററെ നേടുന്നത്. 38 വർഷങ്ങൾക്ക് ശേഷം ഇന്ത്യ തങ്ങളുടെ നൂറാം ഗ്രാൻഡ്‌മാസ്റ്ററെയും സ്വന്തമാക്കിയിരിക്കുകയാണ്. ഈ വർഷം ജൂലൈയിൽ എസ്. അശ്വത് 98-ാമതും, തൊട്ടുപിന്നാലെ വി.എസ്. രഥൻവേൽ 99-ാമതും ഗ്രാൻഡ്‌മാസ്റ്റർമാരായിരുന്നു. 2020-ൽ ഇന്‍റര്‍നാഷണൽ മാസ്റ്റർ (IM) പദവി നേടുമ്പോൾ മധ്യപ്രദേശിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഐഎം ആയിരുന്നു അനുജ്. ആറ് വർഷങ്ങൾക്ക് ശേഷം താരം ഇന്ത്യയുടെ ചരിത്രനായകനായി മാറി.
വിശ്വനാഥൻ ആനന്ദിന്‍റെ ആശംസകൾ
ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് അനുജിനെ അഭിനന്ദിച്ചു: “ഏവർക്കും ദീപാവലി ആശംസകൾ. ഇതൊരു വലിയൊരു നേട്ടമാണ്. ഇന്ത്യയെ ഈ നാഴികക്കല്ലിൽ എത്തിച്ച അനുജ് ശ്രീവാത്രിക്ക് അഭിനന്ദനങ്ങൾ. കൗതുകകരമെന്നു പറയട്ടെ, എന്‍റെ ജിഎം പദവിക്ക് 2027 ഡിസംബറിൽ 40 വർഷം തികയുന്നതിനെക്കുറിച്ച് ഞാൻ ഇന്ന് ചിന്തിച്ചതേയുള്ളൂ, അതിനിടയിലാണ് ഈ സ്വപ്‌നതുല്യമായ നേട്ടം വന്നെത്തിയത്,” അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്‍റെ പ്രതികരണം
ഇന്ത്യയ്ക്ക് ഇതൊരു അഭിമാന നിമിഷമാണെന്ന് എഐസിഎഫ് പ്രസിഡന്‍റ് നിതിൻ നാരംഗ് പറഞ്ഞു: “ഭാരതത്തിന് നൂറാം ഗ്രാൻഡ്‌മാ ർസ്റ്റർ! ഫിലിപ്പീൻസിൽ നടന്ന ചാമ്പ്യൻഷിപ്പ് ജയിച്ച് നേരിട്ട് ജിഎം പദവി സ്വന്തമാക്കിയ അനുജ് ശ്രീവാത്രിയിലൂടെ ഇന്ത്യ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അനുജിന് അഭിനന്ദനങ്ങൾ! ഇനി നമ്മുടെ ലക്ഷ്യം 200 ഗ്രാൻഡ്‌മാസ്റ്റർമാരാണ്,” അദ്ദേഹം എക്‌സില്‍ കുറിച്ചു.








