പ്രമേഹത്തിന് തൊട്ടുമുൻപുള്ള അവസ്ഥയിലുള്ളവർ (പ്രീഡയബറ്റിസ്) ദിവസവും മാമ്പഴവും അവോക്കാഡോയും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് പുതിയ പഠനം. ശരീരഭാരം വർധിക്കാതെ തന്നെ രക്തക്കുഴലുകളുടെ പ്രവർത്തനവും രക്തസമ്മർദവും മെച്ചപ്പെടുത്താൻ ഈ ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. സയൻസ് ഡെയ്ലി വെബ്സൈറ്റാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അമേരിക്കയിൽ മാത്രം മൂന്നിലൊരാൾക്ക് (ഏകദേശം 98 ദശലക്ഷം ആളുകൾ) പ്രീഡയബറ്റിസ് ഉണ്ടെന്നാണ് കണക്കുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും ടൈപ്പ് രണ്ട് പ്രമേഹത്തിൻ്റെ പരിധിയിൽ എത്താത്ത അവസ്ഥയാണിത്. ഇത്തരക്കാർക്ക് ഹൃദ്രോഗ സാധ്യത കൂടുതലായതിനാൽ ഈ പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഇല്ലിനോയിസ് ടെക്) ഗവേഷകരാണ് എട്ട് ആഴ്ച നീണ്ടുനിന്ന പഠനം നടത്തിയത്.
ദിവസവും ഒരു ഇടത്തരം ഹാസ് അവോക്കാഡോയും ഒരു കപ്പ് പുതിയ മാമ്പഴവും ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് ഇവർ പരീക്ഷിച്ചത്. രക്തക്കുഴലുകളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന ഫ്ലോ മീഡിയേറ്റഡ് ഡൈലേഷൻ (എഫ്.എം.ഡി) പരിശോധനയിൽ മികച്ച ഫലമാണ് ലഭിച്ചത്. മാമ്പഴവും അവോക്കാഡോയും കഴിച്ചവരിൽ ഇത് 6.7 ശതമാനമായി വർധിച്ചപ്പോൾ, നിയന്ത്രിത ഭക്ഷണക്രമം പിന്തുടർന്നവരിൽ ഇത് 4.6 ശതമാനമായി കുറഞ്ഞു. രക്തചംക്രമണം സുഗമമാക്കുന്നതിനും ധമനികളുടെ വികാസത്തിനും സഹായിക്കുന്ന എൻഡോതീലിയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഈ പഴങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.
രക്തസമ്മർദത്തിലെ മാറ്റങ്ങൾ
പുരുഷന്മാരിലെ രക്തസമ്മർദത്തിൽ വലിയ മാറ്റങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്. നിയന്ത്രിത ഭക്ഷണക്രമം പിന്തുടർന്ന പുരുഷന്മാരിൽ കേന്ദ്ര രക്തസമ്മർദം ശരാശരി അഞ്ച് പോയിൻ്റ് വർധിച്ചപ്പോൾ, മാമ്പഴവും അവോക്കാഡോയും കഴിച്ചവരിൽ ഇത് 1.9 പോയിൻ്റ് കുറഞ്ഞു. ഹൃദയം മിടിക്കുന്നതിനിടയിൽ വിശ്രമിക്കുമ്പോൾ ധമനികളിലുണ്ടാകുന്ന മർദമായ ഡയസ്റ്റോളിക് രക്തസമ്മർദം കൃത്യമായി നിലനിർത്തേണ്ടത് ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ശരീരഭാരത്തിലോ കലോറിയിലോ യാതൊരു മാറ്റവുമില്ലാതെയാണ് ഈ നേട്ടങ്ങൾ ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
പോഷകങ്ങളുടെ കലവറ
മാമ്പഴത്തിലും അവോക്കാഡോയിലും അടങ്ങിയിരിക്കുന്ന നാരുകൾ, വിറ്റാമിൻ സി, മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയാണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. മുക്കാൽ കപ്പ് മാമ്പഴത്തിൽ രണ്ട് ഗ്രാം നാരുകളും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ 50 ശതമാനവും അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. മറുവശത്ത്, അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാൻ ഉത്തമമാണ്. ഇതിനുപുറമെ, വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്ന എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ് (ഇ.ജി.എഫ്.ആർ) മെച്ചപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രകടമായില്ല. മാമ്പഴത്തിലെ വിറ്റാമിൻ സി കോശങ്ങളെ സംരക്ഷിക്കുമ്പോൾ, അവോക്കാഡോയിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അവോക്കാഡോയിലെ അപൂരിത കൊഴുപ്പുകൾക്ക് കഴിയും.
പഠന രീതി
25 മുതൽ 60 വയസ്സുവരെ പ്രായമുള്ള 82 പേരിലാണ് പഠനം നടത്തിയത്. അമിതഭാരമുള്ളവരും (ബോഡി മാസ് ഇൻഡക്സ് 25 മുതൽ 35 വരെ) പ്രീഡയബറ്റിസ് അവസ്ഥയിലുള്ളവരുമായിരുന്നു ഇവർ. പങ്കെടുക്കുന്നവർക്ക് ആവശ്യമായ കലോറിയുടെ 75 ശതമാനവും ഗവേഷകർ തന്നെയാണ് തയ്യാറാക്കി നൽകിയത്. “ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നതിൻ്റെ തെളിവാണിത്,” എന്ന് ഇല്ലിനോയിസ് ടെക്കിലെ പ്രൊഫസറും മുഖ്യ ഗവേഷകയുമായ ബ്രിട്ട് ബർട്ടൺ ഫ്രീമാൻ പറഞ്ഞു. സയൻസ് ഡെയ്ലി വെബ്സൈറ്റിനോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ മാംഗോ ബോർഡിൻ്റെയും ഹാസ് അവോക്കാഡോ ബോർഡിൻ്റെയും സഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്. സലാഡുകളിലോ സ്മൂത്തികളിലോ ഉൾപ്പെടുത്തി ഈ പഴങ്ങൾ എളുപ്പത്തിൽ ഭക്ഷണത്തിൻ്റെ ഭാഗമാക്കാമെന്നും ഗവേഷകർ നിർദേശിക്കുന്നു.








