ബോക്‌സ് ഓഫിസില്‍ തരംഗം തീര്‍ത്ത് ‘രാമായണ’! നാലു ദിവസം കൊണ്ട് നേടിയത് വമ്പന്‍ കലക്ഷന്‍

0
6

ഹൈദരാബാദ്: നിതേഷ് തിവാരി സംവിധാനം ചെയ്‌ത രൺബീർ കപൂർ ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ബോക്‌സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്‌ത് ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ വമ്പന്‍ കലക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്.

ലോകമെമ്പാടുമായി 507.20 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മൊത്തം 285.20 കോടി രൂപയുടെ കലക്ഷന്‍ നേടിയ ചിത്രം വിദേശ വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. വിദേശത്തുനിന്നുള്ള കലക്ഷൻ മാത്രം 222 കോടി രൂപയാണ്. ഇന്ത്യയിലെ നെറ്റ് കലക്ഷൻ 238.85 കോടി രൂപയുമാണ്.

റിലീസ് ചെയ്‌ത് ആദ്യ ദിവസം മുതൽ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തിയത്. ആദ്യദിനത്തിൽ 25,200 ഷോകളിലൂടെ 64.85 കോടി രൂപയാണ് ചിത്രം നേടിയത്. എന്നാൽ രണ്ടാം ദിവസമായ വെള്ളിയാഴ്ച കലക്ഷനിൽ ഇടിവ് രേഖപ്പെടുത്തി. 23,316 ഷോകളിലൂടെ 48.05 കോടി രൂപയാണ് നേടാനായത്. ആദ്യദിനത്തെ അപേക്ഷിച്ച് 25.9 ശതമാനത്തിന്‍റെ കുറവാണ് രണ്ടാം ദിവസം ഉണ്ടായത്.

എന്നാൽ മൂന്നാം ദിവസമായ ശനിയാഴ്ച ചിത്രം ശക്തമായി തിരിച്ചെത്തി. 23,696 ഷോകളിലൂടെ 69.80 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് വാരിക്കൂട്ടിയത്. രണ്ടാം ദിവസത്തെ അപേക്ഷിച്ച് 45.3 ശതമാനത്തിന്‍റെ വർധനവാണ് കലക്ഷനിൽ രേഖപ്പെടുത്തിയത്. വാരാന്ത്യത്തിൽ കുടുംബപ്രേക്ഷകരിൽ നിന്നടക്കം മികച്ച പ്രതികരണം ലഭിച്ചതാണ് ഈ മുന്നേറ്റത്തിന് സഹായകമായത്.

ദിവസേന നേടിയ കലക്ഷന്‍

നാലാം ദിവസമായ ഞായറാഴ്ച കലക്ഷനിൽ നേരിയ ഇടിവുണ്ടായി. 21,770 ഷോകളിലൂടെ 56.15 കോടി രൂപയാണ് ചിത്രം നേടിയത്. ശനിയാഴ്ചത്തെ കലക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 19.6 ശതമാനത്തിന്‍റെ കുറവാണിത്. എന്നിരുന്നാലും ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ 93,982 ഷോകളിലൂടെ 285.20 കോടി രൂപയുടെ ഇന്ത്യൻ ഗ്രോസ് കലക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. ഭാഷാടിസ്ഥാനത്തിൽ ഹിന്ദി പതിപ്പാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.

ഹിന്ദിയിൽ 200 കോടി ക്ലബ്ബിലേക്ക്

ഇന്ത്യൻ ബോക്‌സ് ഓഫീസിലെ മികച്ച പ്രകടനത്തിനൊപ്പം ഹിന്ദി പതിപ്പിന്‍റെ നെറ്റ് കലക്ഷനും പുതിയ നേട്ടത്തിലേക്ക് അടുക്കുകയാണ്. സാക്നിൽക്കിന്‍റെ തത്സമയ കണക്കുകൾ പ്രകാരം നാലാം ദിവസം രാത്രി 9.03 വരെയുള്ള കണക്കിൽ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം 168.51 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ ഞായറാഴ്ചത്തെ പ്രദർശനങ്ങളിൽ നിന്നുള്ള 32.51 കോടി രൂപയും ഉൾപ്പെടുന്നു. നാലാം ദിവസത്തെ അന്തിമ കണക്കുകൾ പുറത്തുവരാനിരിക്കെ 200 കോടി ഹിന്ദി നെറ്റ് ക്ലബ്ബിൽ ഇടംപിടിക്കാൻ ഇനി 31.49 കോടി രൂപ കൂടി നേടിയാൽ മതി.

അഞ്ചാം ദിവസമായ തിങ്കളാഴ്ചത്തെ അഡ്വാൻസ് ബുക്കിങ്ങും ചിത്രത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യദിനത്തിലെ അഡ്വാൻസ് ബുക്കിങ്ങിനെക്കാൾ മികച്ച മുന്നേറ്റമാണ് അഞ്ചാം ദിവസത്തെ ബുക്കിങ്ങിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തിങ്കളാഴ്ച തന്നെ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കാനുള്ള സാധ്യതയും ശക്തമായിരിക്കുകയാണ്. എന്നാൽ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബോളിവുഡിലെ വമ്പൻ ഹിറ്റുകൾക്കൊപ്പം

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴും രാമായണത്തിന്‍റെ മുന്നേറ്റം ശ്രദ്ധേയമാണ്. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’, ‘പത്താൻ’, രൺബീർ കപൂറിന്‍റെ ‘അനിമൽ’ തുടങ്ങിയ ചിത്രങ്ങൾ റിലീസിന് പിന്നാലെ നാല് ദിവസത്തിനുള്ളിൽ 200 കോടി ഹിന്ദി നെറ്റ് കലക്ഷൻ പിന്നിട്ടിരുന്നു. ‘പുഷ്പ 2’ മൂന്നാം ദിവസവും ‘സ്ത്രീ 2’, ‘ഗദർ 2’ തുടങ്ങിയ ചിത്രങ്ങൾ അഞ്ചാം ദിവസവുമാണ് ഈ നേട്ടത്തിലെത്തിയത്.

ആക്ഷൻ ചിത്രങ്ങളും മാസ് എന്റർടെയ്‌നറുകളും ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇതിഹാസ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രത്തിന് കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഇത്രയും വലിയ മുന്നേറ്റം നടത്താൻ കഴിയുന്നത് ശ്രദ്ധേയമാണ്. 195 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വിവിധ ഭാഷകളിലായാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന് വലിയ താരനിരയും ദൃശ്യവിസ്മയങ്ങളും വലിയ തോതിലുള്ള പ്രേക്ഷക പ്രതീക്ഷയും കരുത്തായിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിലെ പ്രകടനം ചിത്രത്തിന് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ ബോക്‌സ് ഓഫീസ് കണക്കുകളും വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രേക്ഷക പ്രതികരണവും ചിത്രത്തിന്‍റെ തുടർന്നുള്ള മുന്നേറ്റത്തിൽ നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here