കൊല്ലം–എറണാകുളം പുതിയ മെമുവിന്റെ സമയക്രമം പുറത്ത്;

0
6

കൊല്ലം: ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊല്ലം – എറണാകുളം മെമുവിന്റെ സമയക്രമം പുറത്തുവിട്ട് ദക്ഷിണ റെയിൽവേ. കൊല്ലം–കോട്ടയം മെമു സർവീസാണ് എറണാകുളം വരെ നീട്ടുന്നത്. ഇതിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവെച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.

പുതിയ മെമുവിന്റെ സമയക്രമം

  • കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40-ന് പുറപ്പെടും.
  • എറണാകുളത്തുനിന്ന് വൈകുന്നേരം 5.25-ന് പുറപ്പെടും.

പ്രധാന സ്റ്റോപ്പുകൾ:

  • തൃപ്പൂണിത്തുറ
  • കാഞ്ഞിരമറ്റം
  • പിറവം റോഡ്
  • വൈക്കം റോഡ്
  • കുറുപ്പന്തറ
  • ഏറ്റുമാനൂർ
  • കോട്ടയം
  • ചിങ്ങവനം
  • ചങ്ങനാശ്ശേരി
  • തിരുവല്ല
  • ചെങ്ങന്നൂർ
  • ചെറിയനാട്
  • മാവേലിക്കര
  • കായംകുളം
  • ഓച്ചിറ
  • കരുനാഗപ്പള്ളി
  • ശാസ്താംകോട്ട
  • മൺട്രോത്തുരുത്ത്
  • പെരിനാട്.

വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസ്സിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും നേരിട്ട് ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവിനോട് അധിക ട്രെയിൻ സർവീസിനായി ആവശ്യപ്പെട്ടതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. വേണാട് എക്സ്പ്രസ്സിന് മുമ്പായി വൈകുന്നേരം ഒരു അധിക ട്രെയിൻ വേണമെന്ന ആവശ്യവും നിലവിലുള്ള കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മന്ത്രിയുടെ ഓഫീസിൽനിന്ന് റെയിൽവേ ബോർഡിലേക്കും അവിടെനിന്ന് ദക്ഷിണ റെയിൽവേയിലേക്കും നിർദേശങ്ങൾ കൈമാറി. ഒക്ടോബർ 3-ന് ഇതുസംബന്ധിച്ച് പ്രത്യേക കത്തും നൽകിയിരുന്നു. തുടർച്ചയായ ഇടപെടലുകളുടെയും ചർച്ചകളുടെയും ഫലമായാണ് ഇപ്പോൾ അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് എംപി അറിയിച്ചു.

ഈ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാകും. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺട്രോത്തുരുത്ത് മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കും.

യാത്രക്കാരുടെ ഏറെ നാളായുള്ള അഭിലാഷമാണ് യാഥാർഥ്യമാകാൻ പോകുന്നത്. ഈ മെമുവിന്റെ വരവ് ഉടനെയുണ്ടാകുമെന്ന് നേരത്തെ തന്നെ കൊടിക്കുന്നിൽ സുരേഷ് പ്രഖ്യാപിച്ചിരുന്നതാണ്. എറണാകുളത്തേക്ക് ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും വരുന്നവർക്ക് വലിയ ആശ്വാസമേകും പുതിയ സർവീസ്. നിലവിൽ കടുത്ത തിരക്കാണ് മറ്റ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here