നിപ വിവാദത്തിൽ വിശദീകരണവുമായി കെ. മുരളീധരൻ

0
7

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന വിവാദത്തിൽ വിദഗ്ധ സമിതിയുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കുകയുള്ളൂ എന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരെ കാണവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവാദമായ മരുന്നിൻ്റെ ഉത്പാദന തീയതി രേഖപ്പെടുത്തിയിരുന്നില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദഗ്ധ സമിതി അന്വേഷിക്കും
ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ കാര്യങ്ങൾ വിശദീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് വിഷയം ഗൗരവമായി അന്വേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പലതും പറയുന്നുണ്ടെങ്കിലും ഔദ്യോഗിക റിപ്പോർട്ട് വരാതെ താൻ പ്രതികരിക്കില്ല.

കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചവർക്ക് റെംഡെസിവിർ നൽകിയിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരം. എന്നാൽ ഇത് എങ്ങനെ ഉപയോഗിച്ചു എന്നതിലാണ് തർക്കം. മരുന്നിന് കാലാവധി തീരുന്ന തീയതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉത്പാദന തീയതി ഉണ്ടായിരുന്നില്ല. മുംബൈയിൽ നിന്ന് എത്തിച്ച മരുന്നിൻ്റെ കാലാവധി കഴിഞ്ഞിരുന്നതിനാൽ, കെ.എം.എസ്.സി.എൽ എംഡിയുടെ ഇടപെടലിലൂടെ 48 മണിക്കൂറിനുള്ളിൽ ബഹ്റൈനിൽ നിന്ന് പുതിയ മരുന്ന് എത്തിക്കുകയായിരുന്നു.

ഈ മരുന്ന് നൽകിയതിലൂടെയാണ് രോഗി രക്ഷപ്പെട്ടത്. എസ്.എം.എ രോഗികൾക്ക് ഉൾപ്പെടെ പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകൾ നൽകിയ സംഭവങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും കെ.എം.എസ്.സി.എല്ലിൻ്റെ മുൻകാല ഇടപാടുകൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭയിലെ പരാമർശം
കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 2023, 2024, 2025 വർഷങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്നാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

ഈ മൂന്ന് വർഷങ്ങളിലായി ആറ് നിപ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജൂൺ മൂന്നിനാണ് കെ.എം.എസ്.സി.എൽ കാരുണ്യ വഴി അവസാനമായി റെംഡെസിവിർ വാങ്ങിയത്. ഇതിൻ്റെ കാലാവധി 2023 മെയ് 30ന് അവസാനിച്ചതാണ്. പിന്നീട് 2026 ജൂൺ 12ന് ബഹ്റൈനിൽ നിന്നാണ് പുതിയ മരുന്ന് എത്തിച്ചതെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു.

തള്ളി ഡോ. അനൂപ് കുമാർ
അതേസമയം മന്ത്രിയുടെ നിയമസഭയിലെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് ആരോഗ്യവിദഗ്ധൻ ഡോ. എ.എസ്. അനൂപ് കുമാർ രംഗത്തെത്തിയിരുന്നു. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ മരിച്ച ആറുപേർക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2023ൽ മരുതോങ്കരയിലുണ്ടായ സമ്പർക്കവ്യാപനത്തിൽ ആറുപേർക്ക് രോഗം ബാധിച്ചതിൽ രണ്ടുപേർ മരിച്ചു. ഇവർക്ക് നിപ സ്ഥിരീകരിച്ചത് വൈകിയായതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞിരുന്നില്ല. അന്ന് രോഗമുക്തി നേടിയ നാലുപേർക്കാണ് മരുന്ന് നൽകിയത്.

2024ൽ പാണ്ടിക്കാട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചയുടൻ മരിച്ചതിനാൽ മരുന്ന് നൽകാൻ സമയം ലഭിച്ചില്ല. പെരിന്തൽമണ്ണയിൽ മരിച്ച രണ്ടാമത്തെ വ്യക്തിക്കും മരണശേഷമാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് രോഗമുക്തി നേടിയ രണ്ടുപേർക്കാണ് മരുന്ന് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. 2026ൽ രാമനാട്ടുകര സ്വദേശിയായ രോഗിക്ക് വിദേശത്തുനിന്ന് എത്തിച്ച റെംഡെസിവിറും മോണോക്ലോണൽ ആൻ്റിബോഡിയുമാണ് നൽകിയത്. ഈ രോഗി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

ഇന്ത്യയിൽ അവസാനമായി റെംഡെസിവിർ ഉത്പാദിപ്പിച്ചത് 2022ലാണ്. രണ്ട് വർഷമാണ് ഇതിൻ്റെ കാലാവധി. അതിനാൽ 2024 വരെ ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. നിപ രോഗികളുടെ മരണവും റെംഡെസിവിർ മരുന്നിൻ്റെ ഉപയോഗവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഡോ. അനൂപ് കുമാർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here