അർണബ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്; 140 കി.മീ വേഗതയിൽ കാറ്റുവീശും,

0
6

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബുധനാഴ്ച രാവിലെയോടെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് അർണബ് സഞ്ചരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം വിശാഖപട്ടണത്ത് നിന്ന് 300 കിലോമീറ്ററും കാക്കിനാഡയിൽ നിന്ന് 360 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനം. മച്ചിലിപട്ടണത്ത് നിന്ന് 460 കിലോമീറ്ററും ബാപട്ലയിൽ നിന്ന് 530 കിലോമീറ്ററും അകലെയാണ് നിലവിൽ കാറ്റുള്ളതെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പും ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് പിന്നീട് തീരത്തേക്ക് തിരിയുമെന്ന് ദുരന്തനിവാരണ അതോറിറ്റി മാനേജിങ് ഡയറക്ടർ പ്രഖർ ജെയിൻ അറിയിച്ചു.

വിശാഖപട്ടണത്ത് ഇതിനോടകം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നേരിയ മഴ ആരംഭിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശ്രീകാകുളം, വിഴിയനഗരം, അനകപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കരതൊടുന്ന സമയത്ത് അർണബ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

തീരദേശ മേഖലകളിലായിരിക്കും കാറ്റ് ഏറ്റവും കൂടുതൽ നാശം വിതയ്ക്കുക. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 140 കിലോമീറ്റർ വരെ എത്തിയേക്കാം. തീരദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. 16 ജില്ലകളിലെ 2460 റവന്യു ഗ്രാമങ്ങളെയും 92 നഗരപ്രദേശങ്ങളെയും ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സുരക്ഷാക്രമീകരണങ്ങൾ സജ്ജം
അടിയന്തര സാഹചര്യം നേരിടാൻ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. 1763 ചുഴലിക്കാറ്റ് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ജില്ലാ തലത്തിലും മണ്ഡലം തലത്തിലുമായി 2907 കൺട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 3185 നോഡൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി 2107 സുവർണ ഗ്രാമ, സുവർണ വാർഡ് യൂണിറ്റുകളിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘങ്ങളെ 11 ജില്ലകളിൽ വിന്യസിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തീരദേശ റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തിവയ്ക്കും. ബീച്ചുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. കടലിൽ പോയ മുഴുവൻ മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി തിരിച്ചെത്തി. 30043 മത്സ്യബന്ധന വള്ളങ്ങൾ സുരക്ഷിതമായി നങ്കൂരമിട്ടു. കുടിവെള്ള ക്ഷാമം നേരിടാൻ 2613 അടിയന്തര വാട്ടർ ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തിലും ജാഗ്രത
അർണബ് ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തിലും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here