സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്ക്ക് പൂട്ടിടാൻ സർക്കാർ;

0
4

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിതമായ ചികിത്സാനിരക്കുകൾ നിയന്ത്രിക്കുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രത്യേക ബിൽ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിൽ മുറികളുടെ വാടകയും മരുന്നുകളുടെ വിലയും മതിയായ നിയന്ത്രണമില്ലാതെ വർധിക്കുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദേശ കമ്പനികളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രികളും സംസ്ഥാനത്ത് നിലവിലുണ്ട്. ആശുപത്രികളിലെ ചെലവുകൾ കുതിച്ചുയരുന്നത് ഇൻഷുറൻസ് മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്.

ചില ഇൻഷുറൻസ് കമ്പനികൾ ആശുപത്രി ചികിത്സയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ നൽകാൻ വിമുഖത കാണിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ചികിത്സാച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ആശുപത്രി നിരക്കുകൾ നിയന്ത്രിക്കുന്നതിനുള്ള ബിൽ നിലവിൽ സർക്കാരിൻ്റെ പരിഗണനയിലാണെന്നും ഈ നിയമസഭാ സമ്മേളനത്തിൽ ഇത് അവതരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത സമ്മേളനത്തിൽ ബിൽ തീർച്ചയായും അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം കണ്ടെത്താൻ സമിതി

കേരളത്തിൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആയുഷ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘമാണ് സ്ഥലം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നത്. സംഘം ഡൽഹി സന്ദർശിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലൈസൻസില്ലാത്ത സ്‌പാകളിൽ പരിശോധന

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്‌പാകളിലും പരിശോധന നടത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ ഇൻസ്പെക്‌ടർമാർ പരിശോധനകൾ നടത്തിവരികയാണെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന പൊതുമേഖലാ ആയുർവേദ മരുന്നുനിർമാണ സ്ഥാപനമായ ഔഷധിയിൽ നടന്നതായി ആരോപിക്കപ്പെട്ട സൗന്ദര്യചികിത്സയുമായി ബന്ധപ്പെട്ട ചോദ്യത്തിനും മന്ത്രി മറുപടി നൽകി. മാധ്യമവാർത്തയെ തുടർന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി വിഷയം പരിശോധിച്ചിരുന്നു. മുട്ട, ചെമ്പരത്തി മൊട്ടുകൾ, സിട്രസ് പഴങ്ങളുടെ നീര് എന്നിവ ഉൾപ്പെട്ടതായി പറയപ്പെടുന്ന ചികിത്സയാണ് ചോദ്യത്തിൽ പരാമർശിച്ചത്. ഔഷധിയുടെ മുൻ ചെയർമാനുമായി ബന്ധപ്പെട്ടാണ് ഈ ചികിത്സയെക്കുറിച്ചുള്ള ആരോപണം ഉയർന്നത്.

ചികിത്സയ്ക്ക് പേറ്റൻ്റ് ലഭിച്ചിട്ടുണ്ടോ, സ്ഥാപനത്തിൻ്റെ ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നോ, ചികിത്സയ്ക്കായി ചെലവഴിച്ച തുക മുൻ ചെയർമാനിൽനിന്ന് തിരിച്ചുപിടിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യത്തിലൂടെ ഉന്നയിച്ചത്. ചോദ്യത്തിൽ പരാമർശിച്ച തരത്തിലുള്ള ചികിത്സ നടന്നതായി സമിതിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് തനിക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും തുടർനടപടികൾ ഉടൻ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here