ചിരി നിർബന്ധമാക്കിയാൽ കുഴപ്പമാകുമോ? മാനസിക സമ്മർദം കുറയ്ക്കാൻ പുതിയ വഴി

0
6

ഒരു പുഞ്ചിരിക്ക് നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വെറുമൊരു സന്തോഷപ്രകടനം എന്നതിലുപരി, നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കാൻ ഒരു ചെറിയ പുഞ്ചിരിക്ക് സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. കാരണം കാത്തുനിൽക്കാതെ വെറുതെയൊന്ന് ചിരിച്ചാൽ പോലും അദ്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സുഹൃത്തുക്കളെ കണ്ടെത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും എപ്പോഴും പുഞ്ചിരിക്കുന്നത് സഹായിക്കും. സ്റ്റാൻഫോർഡ് സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറും കൾച്ചർ ആൻഡ് ഇമോഷൻ ലാബ് മേധാവിയുമായ ജീൻ സായ് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ‘ഫേഷ്യൽ ഫീഡ്ബാക്ക് ഹൈപ്പോതിസിസ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പഴയകാല ഗവേഷണങ്ങൾ നടന്നിട്ടുള്ളത്.

1980കളിൽ നടന്ന ഒരു ക്ലാസിക് പഠനത്തിൽ, ഗവേഷകർ ആളുകളുടെ ചുണ്ടുകൾക്കിടയിൽ ഒരു പെൻസിൽ വയ്ക്കുകയും, കാർട്ടൂൺ പോലുള്ള രസകരമായ വീഡിയോകൾ കാണുമ്പോൾ പുഞ്ചിരിക്കാനോ മുഖം ചുളിക്കാനോ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പുഞ്ചിരിച്ച ആളുകൾക്ക് കൂടുതൽ സന്തോഷം അനുഭവപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു. ക്ലാസ് മുറികളിൽ ഈ പരീക്ഷണം നടത്തുമ്പോൾ അത് കൃത്യമായി പ്രവർത്തിക്കാറുണ്ടെന്ന് ജീൻ സായ് വ്യക്തമാക്കി. ഒറ്റയ്ക്ക് ഇരിക്കുമ്പോഴോ സാമൂഹിക ഇടപെടലുകൾ ഇല്ലാത്തപ്പോഴോ പുഞ്ചിരിക്കുന്നത് പഴയ നല്ല ഓർമകൾ തിരികെ കൊണ്ടുവരാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

തെക്കൻ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി അക്കാദമി ഓഫ് സയൻസസ് ആൻഡ് ആർട്സിൽ (ഒസിഎഎസ്എ) പുഞ്ചിരിയുടെ ശക്തിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പുഞ്ചിരിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന തത്ത്വമാണ് ഈ സ്കൂളിൻ്റെ വെബ്സൈറ്റിൽ പ്രധാനമായും നൽകിയിട്ടുള്ളത്.

വിദ്യാർഥികളെ കൂടുതൽ സജീവമാക്കാനും സമ്മർദം കുറയ്ക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും പുഞ്ചിരി സഹായിക്കുമെന്ന് അവർ വ്യക്തമാക്കുന്നു. ലോസ് ആഞ്ചലസിലെ ക്ലിനിക്കൽ ആൻഡ് ഫോറൻസിക് ന്യൂറോ സൈക്കോളജിസ്റ്റും പെപ്പർഡൈൻ സർവകലാശാലയിലെ അധ്യാപികയുമായ ഡോ. ജൂഡി ഹോ, വിഷാദരോഗമോ ഉത്കണ്ഠയോ അനുഭവിക്കുന്ന രോഗികൾക്ക് ഒരു പരിഹാരമാർഗമായി പുഞ്ചിരിയെ നിർദേശിക്കാറുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരേയൊരു മാർഗം ഇതല്ലെങ്കിലും, മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു മികച്ച ഉപാധിയാണിതെന്ന് അവർ പറയുന്നു. ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ പുഞ്ചിരിക്ക് കഴിയും.

കൂടാതെ, സന്തോഷം നൽകുന്ന എൻഡോർഫിൻ, ഡോപാമിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഉത്പാദനത്തെയും ഇത് സ്വാധീനിക്കുന്നു. സമ്മർദം നിറഞ്ഞ ജോലികൾക്കിടയിൽ പുഞ്ചിരിക്കുന്ന ആളുകളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായിരിക്കുമെന്നും ശാരീരിക ബുദ്ധിമുട്ടുകൾ കുറയുമെന്നും ഡോ. ജൂഡി ഹോ കൂട്ടിച്ചേർത്തു.

സംസ്കാരങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ
പുഞ്ചിരിയെ ലോകമെമ്പാടും ഒരേ രീതിയിലല്ല കാണുന്നത്. അമേരിക്കൻ സംസ്കാരത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനുമാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വികാരങ്ങളുടെ സന്തുലിതാവസ്ഥയ്ക്കാണ് മുൻഗണന. പോസിറ്റീവ്, നെഗറ്റീവ് വികാരങ്ങൾ ഒരുപോലെ കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്ന് ജീൻ സായ് പറയുന്നു.

യൂറോപ്യൻ അമേരിക്കക്കാരും തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ആളുകളും പുഞ്ചിരിയെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് അവർ പഠനം നടത്തിയിരുന്നു. അമേരിക്കക്കാർ ആവേശത്തോടെയുള്ള വലിയ പുഞ്ചിരിയെ സൗഹൃദത്തിൻ്റെ ലക്ഷണമായി കാണുമ്പോൾ, ഏഷ്യക്കാർ അതിനെ വൈകാരിക അസ്ഥിരതയായാണ് വിലയിരുത്തുന്നത്. ദലൈലാമയെപ്പോലെയുള്ള ശാന്തമായ പുഞ്ചിരിയാണോ അതോ ഹോളിവുഡ് നടി ജൂലിയ റോബർട്ട്സിനെപ്പോലെയുള്ള വലിയ പുഞ്ചിരിയാണോ വേണ്ടത് എന്നത് സാഹചര്യത്തിനനുസരിച്ച് മാറുമെന്ന് ജീൻ സായ് വ്യക്തമാക്കി.

അതേസമയം, ‘ലാൻഡ് ഓഫ് സ്മൈൽസ്’ എന്നറിയപ്പെടുന്ന തായ്‌ലൻഡിൽ പുഞ്ചിരി അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. അവിടെ പുഞ്ചിരിയെ സൂചിപ്പിക്കാൻ ഏകദേശം 30 വാക്കുകൾ തായ് ഭാഷയിലുണ്ട്. കുട്ടികളോടും സഹപ്രവർത്തകരോടും പുഞ്ചിരിക്കുന്നത് ബഹുമാനത്തിൻ്റെയും ശാന്തതയുടെയും ലക്ഷണമായാണ് അവിടെ കണക്കാക്കുന്നത്. കുട്ടികൾക്ക് സ്കൂൾ ഒരു സന്തോഷകരമായ ഇടമാക്കി മാറ്റാൻ പുഞ്ചിരി സഹായിക്കുമെന്ന് ഒസിഎഎസ്എ കാപ്പിസ്ട്രാനോ എലിമെൻ്ററി സ്കൂൾ പ്രിൻസിപ്പൽ റെനെ പോസി പറഞ്ഞു.

നിർബന്ധിത പുഞ്ചിരി വിപരീതഫലം നൽകും
തൊഴിലിടങ്ങളിൽ സ്ത്രീകൾ എപ്പോഴും പുഞ്ചിരിക്കണമെന്ന നിയമത്തിനെതിരെ അടുത്തിടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ആവശ്യത്തിന് പുഞ്ചിരിച്ചില്ലെങ്കിൽ മോശം വ്യക്തികളായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ പലർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം, ടാർഗെറ്റ് എന്ന റീട്ടെയിൽ കമ്പനി ജീവനക്കാർക്കായി കൊണ്ടുവന്ന പുഞ്ചിരി നിയമം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് കാരണമായിരുന്നു.

10 അടി ചുറ്റളവിൽ ഉപഭോക്താക്കൾ വന്നാൽ ജീവനക്കാർ നിർബന്ധമായും പുഞ്ചിരിക്കണമെന്നും, നാല് അടി അടുത്തുവന്നാൽ നേരിട്ട് അഭിവാദ്യം ചെയ്യണമെന്നുമായിരുന്നു നിയമം. എന്നാൽ ഇത്തരം നിർബന്ധിത നിയമങ്ങൾ ആളുകളിൽ അതൃപ്തി ഉണ്ടാക്കുമെന്ന് ഫ്ലോറിഡ സർവകലാശാലയിലെ സോഷ്യൽ സയൻസ് കൊളാബറേറ്ററി അസിസ്റ്റൻ്റ് പ്രൊഫസർ നിക്കോളാസ് കോൾസ് വ്യക്തമാക്കി.

സ്വാഭാവികമായി വരുന്ന പുഞ്ചിരിക്ക് മാത്രമേ യഥാർഥ ഫലം നൽകാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവധിക്കാലങ്ങളിൽ കുടുംബാംഗങ്ങളുമായി രാഷ്ട്രീയം, മതം തുടങ്ങിയ സെൻസിറ്റീവായ വിഷയങ്ങൾ സംസാരിക്കുമ്പോൾ പുഞ്ചിരിയോടെ നേരിടുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here