ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ സംവിധാനം കൂടുതൽ സജീവമാകുകയാണ്. നവംബർ 1 മുതൽക്ക് എല്ലാ ദിവസവും വെർച്വൽ ക്യൂ സംവിധാനം നിലവിൽ വരും. ഗുരുവായൂർ ക്ഷേത്രദർശനം കൂടുതൽ സുഗമമാക്കുന്ന ഈ സംവിധാനത്തിന് ചെറിയൊരു ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. 25 രൂപ ഫീസ് ഏർപ്പെടുത്തിയത് അനാവശ്യമായി സ്ലോട്ട് ബുക്ക് ചെയ്ത് മറ്റുള്ളവർക്ക് അവസരം നഷ്ടപ്പെടുത്തുന്നത് തടയാൻ വേണ്ടിയാണ്.
ഒരു ബുക്കിങ്ങിൽ 1 മുതൽ 6 പേർക്കു വരെ ഒന്നിച്ച് സ്ലോട്ട് എടുക്കാവുന്നതാണ്. സാധാരണ ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളും, വൈകുന്നേരം 2 സ്ലോട്ടുകളും ഉൾപ്പെടെ ആകെ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് ദർശനം അനുവദിക്കും. അതേസമയം ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ വെർച്വൽ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ.
ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും.
ദർശന സമയങ്ങൾ
പുലർച്ചെ 3 നട തുറക്കും. 3 മുതൽ 12 PM വരെ പ്രഭാത ദർശനം അനുവദിക്കും. വൈകുന്നേരം 4.30 മുതൽ രാത്രി 9.15 ന് നട അടയ്ക്കുന്നത് വരെയാണ് ദർശനം. മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ സൗകര്യം ഏർപ്പെടുത്തും. പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ കാണിച്ചാൽ പ്രത്യേക വരിയിലൂടെ പ്രവേശിക്കാം. ശ്രദ്ധിക്കുക, പ്രായം തെളിയിക്കുന്ന രേഖ കൈവശമുണ്ടായിരിക്കണം.
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത് ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ്. guruvayurdevaswom.in ആണ് വെബ്സൈറ്റ്. തട്ടിപ്പ് വെബ്സൈറ്റുകളിൽ പെടാതെ ശ്രദ്ധയോടെ വേണം ബുക്കിങ് നടത്താൻ.
എങ്ങനെ വെർച്വൽ ക്യൂ ബുക്ക് ചെയ്യാം?
guruvayurdevaswom.in വെബ്സൈറ്റിൽ Login / Register ചെയ്ത് മൊബൈൽ OTP വെരിഫൈ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് Darshan എന്ന സെക്ഷനിൽ പോയി Virtual Queue / Free Darshan തിരഞ്ഞെടുക്കുക. ആവശ്യമായ തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക. ഓരോരുത്തരുടെയും പേര്, ഐഡി പ്രൂഫ് തുടങ്ങിയ വിവരങ്ങൾ നൽകുക. 25 രൂപ ഫീസ് അടച്ചാൽ ബുക്കിംഗ് പൂർത്തിയാകും. QR Code ഉൾപ്പെടെയുള്ള ഇ-ടിക്കറ്റ് SMS/Email വഴി ലഭിക്കും.








